ഒന്നാം റാങ്ക് കൈവിടാതെ ശ്രീനന്ദ്
കണ്ണൂർ: നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നിലനിർത്തി കണ്ണൂർ പൊടിക്കുണ്ട് സ്വദേശി ശ്രീനന്ദ് ഷർമിൾ. സുപ്രീം കോടതി വിധിപ്രകാരം ഇന്നലെ നീറ്റ് പരീക്ഷാഫലം വീണ്ടും പ്രസിദ്ധീകരിച്ചപ്പോൾ 720 മാർക്കും നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ 17 പേരിൽ ഏക മലയാളിയായി ശ്രീനന്ദ് മാറി. മാന്നാനം കെ.ഇ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ ശ്രീനന്ദ് സ്കൂളിന് കീഴിലെ ബ്രില്യൻസ് കോച്ചിംഗിലൂടെയാണ് മികച്ച വിജയം കൈവരിച്ചത്.
ജൂൺ 4നായിരുന്നു ആദ്യം നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. 67 പേർക്കായിരുന്നു ഒന്നാം സ്ഥാനം ലഭിച്ചത്. ശ്രീനന്ദ് ഉൾപ്പെടെ നാല് മലയാളികൾ 720 മാർക്ക് നേടിയിരുന്നു. എന്നാൽ ഫിസിക്സ് പരീക്ഷയുടെ ഒരു ചോദ്യത്തിനുള്ള ഉത്തരം സംബന്ധിച്ച് പരാതി ഉയർന്നതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയെ സമീപിച്ചു. ഇതേത്തുടർന്നാണ് ലിസ്റ്റ് പുനഃപ്രസിദ്ധികരിക്കാൻ കോടതി നിർദ്ദേശിച്ചത്.
ഡൽഹി എയിംസിൽ പഠിക്കണം
ഡൽഹി എയിംസിൽ തുടർപഠനം നടത്താനാണ് ശ്രീനന്ദിന്റെ ആഗ്രഹം. ചിട്ടയായ പഠനത്തിലൂടെയാണ് നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്ന് ശ്രീനന്ദ് പറഞ്ഞു. കണ്ണൂർ ആസ്റ്റർ മിംമ്സിലെ ഡോ.ഷർമിൾ ഗോപാലിന്റെയും തലശേരി ഗവ. ആശുപത്രിയിലെ ഡോ.പി.ജി. പ്രിയയുടെയും മകനാണ്. ശ്രീനന്ദിന് റാങ്ക് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് പാല ബ്രില്യൻസ് ഡയറക്ടർ ജോർജ് തോമസ് പറഞ്ഞു.