വൈദ്യുതി വിഛേദിച്ചാൽ പുനഃസ്ഥാപിക്കാൻ വൈകരുത് #പുതിയ സപ്ളൈകോഡ് നിലവിൽ വന്നു # കണക്ഷൻ അപേക്ഷ ഓൺലൈനിൽ

Saturday 27 July 2024 2:14 AM IST

തിരുവനന്തപുരം:ബില്ലടക്കാത്തതിന്റേയും മറ്റും ക്രമക്കേടുകളുടെ പേരിൽ വൈദ്യുതി കട്ട് ചെയ്താൽ, നിസാരകാരണങ്ങൾ ചൂണ്ടിക്കാട്ടി റീകണക്ഷൻ നൽകാതിരിക്കരുതെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നിർദേശം നൽകി. ഇതടക്കം പുതിയ സപ്ളൈകോഡ് ഇന്നലെ പുറത്തിറക്കി.

വൈദ്യുതി നിരക്ക് ഈടാക്കൽ, കണക്ഷൻ വിച്ഛേദിക്കൽ,പുനഃസ്ഥാപിക്കൽ, തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ വ്യവസ്ഥകൾ കാലാനുസൃതമായി പരിഷ്ക്കരിച്ചാണ് പുതിയ സപ്ളൈകോഡ് പുറത്തിറക്കിയത്.ഇതനുസരിച്ചാണ് കെ.എസ്.ഇ.ബി.വൈദ്യുതി വിതരണസംവിധാനം നടപ്പാക്കേണ്ടത്.

പുതിയ കോഡ് അനുസരിച്ച് പുതിയ കണക്ഷൻ,റീകണക്ഷൻ,കണക്ഷൻ പരിഷ്ക്കരണം, താരിഫ് പരിഷ്ക്കരണം,തുടങ്ങിയ കാര്യങ്ങളിൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ കിട്ടിയാലുടൻ നടപടിയെടുക്കണം. പ്രയാസമേറിയ സ്ഥലങ്ങളിൽ ഒരാഴ്ചവരെയെടുക്കാം.ആവശ്യമായ തുക അപേക്ഷിക്കുമ്പോൾ തന്നെ അറിയിക്കണം.നിലവിൽ 45 ദിവസത്തിനകം ഉദ്യോഗസ്ഥർ അപേക്ഷകന്റെ വീട്ടിലെത്തി പരിശോധിച്ച് പിന്നീട് ഉപകരണങ്ങളുടെ ലഭ്യതയനുസരിച്ച് ആവശ്യമായ തുക അറിയിച്ചാണ് നടപടിയെടുക്കേണ്ടത്.

ചെറുകിട വ്യവസായ സ്ഥാപനങ്ങൾ തുടങ്ങുമ്പോൾ നാല് കിലോവാട്ട് വരെ മാത്രമാണ് വൈദ്യുതി ഉപയോഗമെങ്കിൽ വീട്ടിലെ കണക്ഷൻ ഉപയോഗിച്ച് തന്നെ തുടങ്ങാം.അതിനായി പുതിയ വ്യാണിജ്യകണക്ഷൻ എടുക്കേണ്ടതില്ല.കൂടുതൽ വൈദ്യുതി ചാർജ്ജിംഗ് സ്റ്റേഷനുകൾ തുടങ്ങാനും പുതിയ കോഡിൽ നിർദ്ദേശമുണ്ട്.