ഇന്ത്യക്കാരൻ ഇക്കൊല്ലം ബഹിരാകാശ നിലയത്തിൽ

Saturday 27 July 2024 2:40 AM IST

തിരുവനന്തപുരം:ഇന്ത്യൻ ബഹിരാകാശ മനുഷ്യദൗത്യമായ ഗഗൻയാനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ചാരികളിൽ ഒരാൾ ഇൗ വർഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറക്കും. ഇതിനായി രണ്ട് ഇന്ത്യൻ സഞ്ചാരികൾക്ക് നാസയുടെ ജോൺസൺ സ്പേയ്സ് സെന്ററിൽ അടുത്ത ആഴ്ച മുതൽ പരിശീലനം നൽകും.

ഇന്ത്യ - യു.എസ്.ബഹിരാകാശ സഹകരണത്തിന്റെ ഭാഗമായാണിത്. 2023 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന വേളയിലാണ് ഇന്ത്യക്കാരനെ ബഹിരാകാശ നിലയത്തിലേക്ക് അയയ്‌ക്കാൻ ധാരണയായത്. അതിനാണ് പരിശീലനം. ഗഗൻയാൻ ദൗത്യത്തിന് ഇന്ത്യൻ സഞ്ചാരികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

അമേരിക്കൻ കമ്പനികളായ സ്‌പേസ് എക്സും അക്‌സോമിയവും സംയുക്തമായാണ് ഇന്ത്യൻ സഞ്ചാരിയെ ബഹിരാകാശ നിലയത്തിലെത്തിക്കുക. നിലയത്തിന്റെ മൊഡ്യൂളുകളും പ്രോട്ടോക്കോളുകളും ഇന്ത്യൻ യാത്രികന് പരിചയപ്പെടുത്തും. പരിശീലനവും നൽകും. അടിയന്തരഘട്ടത്തിലെ തയാറെടുപ്പും സഞ്ചാരികളെ കൊണ്ടുപോകുന്ന സ്‌പേസ് എക്സ് ക്രൂ ഡ്രാഗൺ പേടകത്തിലെ സാങ്കേതിക കാര്യങ്ങളും പഠിപ്പിക്കും.
വ്യോമസേനയിൽ പൈലറ്റും പാലക്കാട് സ്വദേശിയുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത് കൃഷ്ണൻ, അംഗദ് പ്രതാപ്, വിങ് കമാൻഡർ ശുഭാംശു ശുക്ല എന്നിവരെയാണ് ഗഗൻയാൻ ദൗത്യത്തിനായി തെരഞ്ഞെടുത്തത്. ഇവർക്ക് മോസ്‌കോയിലെ യൂറി ഗഗാറിൻ കോസ്‌മോനോട്ട് ട്രെയിനിങ് സെന്ററിൽ പരിശീലനം നൽകിയിരുന്നു. ഇപ്പോൾ ബംഗളൂരുവിലെ ഐ. എസ്. ആർ. ഒ സെന്ററിൽ പരിശീലനത്തിലാണ്.

2026ലാവും ഗഗൻയാൻ വിക്ഷേപണം. അതിന്റെ മുന്നോടിയായി മൂന്ന് ആളില്ലാ ദൗത്യങ്ങൾ വിക്ഷേപിക്കും.ആദ്യത്തേത് വരുന്ന ഡിസംബറിൽ. അടുത്ത വർഷം രണ്ടെണ്ണവും.ആളില്ലാ ദൗത്യങ്ങൾക്ക് കരുത്തുറ്റ എൽ വി എം 3 റോക്കറ്റിന്റെ പുതിയ പതിപ്പാവും ഉപയോഗിക്കുക.

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള

ഇന്ത്യയുടെ ശേഷി തെളിയിക്കാനുള്ള ദൗത്യമാണ് ഗഗൻയാൻ. ഇന്ത്യയുടെ സ്വന്തം പേടകത്തിൽ മൂന്ന് സഞ്ചാരികൾ മൂന്ന് ദിവസം 400 കിലോമീറ്റർ ഭ്രമണപഥത്തിൽ ഭൂമിയെ ചുറ്റി തിരിച്ചെത്തും. സമുദ്രത്തിലാവും ലാൻഡിംഗ്.

Advertisement
Advertisement