ഗംഭീരമായി തുടങ്ങാൻ ഗൗതമും സൂര്യയും

Saturday 27 July 2024 3:15 AM IST

പല്ലെക്കിലെ:ലോക കിരീടം സമ്മാനിച്ച് രോഹിത് ശർമ്മയും വിരാട് കൊഹ്‌ലിയും പരിശീലകൻ രാഹുൽ ദ്രാവിഡും കളമൊഴിഞ്ഞ ശേഷം,​ഗൗതം ഗംഭീറിന്റെയും സൂര്യകുമാ‌ർ യാദവിന്റെയും നേതൃത്വത്തിൽ ടീം ഇന്ത്യയുടെ ട്വന്റി-20യിലെ പുതുയുഗപ്പിറവിക്ക് ഇന്ന് നാന്ദികുറിക്കും. ഗംഭീർ പരിശീലകനും സൂര്യകുമാർ ക്യാപ്ടനുമായശേഷമുള്ള ടീം ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ പല്ലെക്കിലെയിലാണ്. മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിലെ ആദ്യ മത്സരം ഇന്ന് രാത്രി 7 മുതലാണ്. മറുവശത്ത് ശ്രീലങ്കയും ട്വന്റി-20 ലോകകപ്പിൽ പാടെ നിറംമങ്ങിപ്പോയ ശ്രീലങ്ക പുതിയ ക്യാപ്ടൻ ചരിത് അസലങ്കയുടേയും താത്‌കാലിക പരിശീലകൻ സന്നത് ജയസൂര്യയുടേയും നേതൃത്വത്തിൽ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. രണ്ട് വർഷത്തിന് ശേഷം വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് ചാന്ദിമലും ടീമിൽ മടങ്ങിയെത്തിയിട്ടുണ്ട്.

ലോക ചാമ്പ്യൻമാരായ ശേഷം ഇന്ത്യൻ ടീം സിംബാബ്‌വെ പര്യടനം നടത്തിയിരുന്നെങ്കിലും ശുഭ്‌മാൻ ഗില്ലിന്റെ മേതൃത്വത്തിൽ യുവനിരയാണ് പോയത്. സീനിയർ താരങ്ങളാരും ടീമിൽ ഇല്ലായിരുന്നു.

മലയാളി താരം സഞ്ജു സാംസൺ ടീമിലുണ്ടെങ്കിലും റിഷഭ് പന്ത് തന്നെ വിക്കറ്റ് കീപ്പറാകാനാണ് സാധ്യത. സ്പെഷ്യലിസ്റ്റ് ബാറ്ററായെങ്കിലും സഞ്ജുകളിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. നേരത്തെ രോഹിതിന്റെ അഭാവത്തിൽ ടീമിനെ നയിച്ചിരുന്ന ഹാർദിക് പാണ്ഡ്യയായിരിക്കും ഇന്ത്യയുടെ പുതിയ ട്വന്റി-20 ക്യാപ്ടനെന്ന് വിലയിരുത്തലുകളുണ്ടായിരുന്നെങ്കിലും ഗംഭീറും സെലക്ഷൻ കമ്മിറ്റിയും സൂര്യയെ തിരഞ്ഞെടുക്കുകയായിരുന്നു. ഫിറ്റ്‌നസ് പ്രശ്നമാണ് ഹാർദികിന് പാരയായത്. ശ്രീലങ്കയിൽ സൂര്യ വിളിച്ച ആദ്യ ടീം മീറ്റിംഗിൽ ഹാർദിക് പങ്കെടുക്കാത്തതും ശ്രദ്ധേയമായിരുന്നു. ഹാപ്പി ഡ്രസിംഗ് റൂമിലേ വിജയങ്ങൾ വരൂ എന്ന അഭിപ്രായക്കാരനായ ഗംഭീർ പിന്നീട് പരിശീലനത്തിനെത്തിയ ഹാർദിക്കിനോട് ഏറെ നേരം സംസാരിച്ചിരുന്നു.

ഗംഭീർ മെന്ററായിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലക സംഘത്തിലുണ്ടായിരുന്ന അഭിഷേക് നായരും, റയാൻ ഡെൻഡോഷെയും ഇന്ത്യൻടീമിലും സഹപരിശീലകരായുണ്ട്. ടി. ദിലീപ് തന്നെയാണ് ഫീൽഡിംഗ് കോച്ച്.

ലൈവ്

സോണി സ്പോർട്സ് ടെൻ 3,4,5 ചാനലുകളിലും സോണി ലിവിലും

Advertisement
Advertisement