ആരെയും ഉപദ്രവിക്കില്ല, എല്ലാവരോടും സ്‌നേഹം മാത്രം; സന്തോഷ്‌മോൻ ഇനിയില്ല, കരച്ചിലടക്കാനാവാതെ ഒരു നാട്

Saturday 27 July 2024 10:58 AM IST

കോട്ടയം: സന്തോഷ്‌മോനെ.... ആര് വിളിച്ചാലും വാലും കുണുക്കിയെത്തിയിരുന്ന നാലുവയസുകാരനായ നായ. ഇന്നവനെയോർത്ത് കടുവാക്കുളംകാരുടെ മനസ് നീറുകയാണ്. മിണ്ടാപ്രാണിക്കപ്പുറം നാട്ടുകാരുടെ എല്ലാമായിരുന്ന സന്തോഷ്‌മോന് കഴിഞ്ഞ ദിവസം കാറിടിച്ചാണ് ജീവൻ നഷ്ടമായത്. അവനെ ജീവന് തുല്യം സ്നേഹിച്ച കടുവാക്കുളത്തെ ഓട്ടോ ബ്രദേഴ്‌സ് സന്തോഷ്‌മോന് ആദരാഞ്ജലി അർപ്പിച്ച് ഫ്ലക്സ് ബോർഡും സ്ഥാപിച്ചു.

നാലു വർഷം മുൻപാണ് നായ കടുവാക്കുളത്ത് എത്തിയത്. അന്ന് മുതൽ കവലയിലും പരിസര പ്രദേശങ്ങളിലും എപ്പോഴും സന്തോഷ്‌മോന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവർമാർ ചേർന്ന് ഭക്ഷണവും വെള്ളവും നൽകി. പിന്നീട് ഏവരുടെയും പ്രിയങ്കരനായി മാറി. വാക്‌സിൻ, കുത്തിവെയ്പ്പ് എന്നിവയും എടുത്തിരുന്നു. ഫ്ലക്‌സ് ബോർഡ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പ്രദേശവാസികളും യാത്രക്കാരും നായയുടെ വിയോഗ വാർത്തയും അറിഞ്ഞത്.

നാളിതുവരെയും ആരെയും ആക്രമിച്ചിട്ടില്ല. കടുവാക്കുളം വഴി ഒരു ദിവസമെങ്കിലും കടന്നുപോയിട്ടുള്ളവർ നായയെ കണ്ടിട്ടുണ്ടാകും. കുടുംബത്തിലെ ഒരംഗം നഷ്ടമായതു പോലെയാണ്.( ബൈജു, ഓട്ടോറിക്ഷ ഡ്രൈവർ)