തിരുവനന്തപുരത്തെ തീയേറ്ററിലിരുന്ന് സിനിമ പകർത്തിയ സംഘം പിടിയിൽ; നടപടി സുപ്രിയ മേനോന്റെ പരാതിയിൽ

Saturday 27 July 2024 1:20 PM IST

കൊച്ചി: തീയേറ്ററിൽ നിന്ന് പുതിയ സിനിമകൾ മൊബൈലിൽ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്‌നാട് സ്വദേശികൾ പിടിയിൽ. തിരുവനന്തപുരത്തെ തീയേറ്ററിൽ നിന്ന് സിനിമ പകർത്തുന്നതിനിടെയാണ് തീയേറ്റർ ഉടമകളുടെ സഹായത്തോടെ രണ്ടുപേരെ പിടികൂടിയത്. കാക്കനാട് സൈബർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് നടപടി.

' ഗുരുവായൂരമ്പലനടയിൽ ' ഉൾപ്പെടെ നിരവധി സിനിമകൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. ' ഗുരുവായൂരമ്പലനടയിൽ ' റിലീസ് ചെയ്‌ത് രണ്ടാം ദിവസം ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിച്ചിരുന്നു. ട്രെയിനിൽ ഇരുന്ന് ചിലർ വ്യാജ പതിപ്പ് കാണുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതോടെയാണ് നിർമാതാക്കളിൽ ഒരാളായ സുപ്രിയ മേനോൻ കാക്കനാട് സൈബർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേർ വലയിലായത്.

തിരുവനന്തപുരത്തെ തീയേറ്ററിൽ നിന്നാണ് ' ഗുരുവായൂരമ്പലനടയിൽ ' മൊബൈൽ ഫോണിൽ പകർത്തിയതെന്ന് സൈബർ പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. തുടർന്ന് തീയേറ്റർ ഉടമകളുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. തമിഴ് ചിത്രമായ ' രായൻ ' മൊബൈൽ ഫോണിൽ പകർത്തുന്നതിനിടെയാണ് രണ്ടുപേരും പിടിയിലായത്. ഇവരെ കാക്കനാട് സൈബർ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്‌ത് വരികയാണ്. പ്രതികളിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

Advertisement
Advertisement