ഇന്ത്യക്ക് ശുഭവാർത്ത ; മെഡൽ പ്രതീക്ഷയുമായി മനു ഭാകർ വനിതാ ഷൂട്ടിംഗ് ഫൈനലിൽ

Saturday 27 July 2024 8:02 PM IST

പാരീസ് : വനിതകളുടെ ഷൂട്ടിംഗിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ മനു ഭാകർ ഫൈനലിൽ കടന്നു. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലാണ് വനിതാ ഷൂട്ടിംഗ് സെൻസേഷൻ മനു ഭാകർ ഫൈനലിൽ കടന്നത്. പത്ത് മീറ്റർ എയർ പിസ്റ്റൾ വനിതാ വിഭാഗത്തിൽ ആദ്യമായി ഒളിമ്പിക്സ് ഫൈനലിലെത്തുന്ന താരം എന്ന നേട്ടവും മനു ഭാകർ സ്വന്തമാക്കി.

യോഗ്യതാ റൗണ്ടിൽ മൂന്നാംസ്ഥാനത്തെത്തിയ താരം 580-27 പോയിന്റുകൾ നേടിയാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. 2020ലെ ടോക്കിയോ ഒളിമ്പിക്‌സിൽ മൂന്നു വിഭാഗങ്ങളിൽ മത്സരിച്ച താരത്തിന് ഒന്നിൽ പോലും ഫൈനലിൽ എത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ ആദ്യമത്സരത്തിൽ തന്നെ ഫൈനലിൽ കടക്കാൻ കഴിഞ്ഞത് നേട്ടമായി. നാളെ വൈകിട്ട് 3.30നാണ് ഫൈനൽ പോരാട്ടം.

അതേസമയം ഷൂട്ടിംഗ് 10 മീറ്റർ എയർറൈഫിൾ മിക്‌സഡ് ഇനത്തിൽ ഇന്ത്യയ്‌ക്ക് ഫൈനൽ റൗണ്ടിലേക്ക് കടക്കാനായില്ല. ഇന്ത്യയ്‌ക്കായി സന്ദീപ് സിംഗ് - എളവേണിയിൽ വളറിവാൻ, അർജുൻ ബാബുട്ട - രമിത ജിൻഡാൽ സഖ്യങ്ങളാണ് മത്സരിച്ചത്. ഇരു ടീമുകൾക്കും യോഗ്യത റൗണ്ടിൽ നിന്ന് മുന്നേറാനായില്ല. സന്ദീപ് സിംഗ് - എളവേണിയിൽ വളറിവാൻ സഖ്യം 12-ാം സ്ഥാനത്തും അർജുൻ ബാബുട്ട - രമിത ജിൻഡാൽ സഖ്യം ആറാം സ്ഥാനത്തുമെത്തി. ആദ്യ നാലിലെത്തുന്നവരാണ് ഫൈനൽ റൗണ്ടിലേക്ക് മുന്നേറുക. അർജുൻ ബാബുട്ട - രമിത ജിൻഡാൽ സഖ്യം 628.7 പോയന്റും സന്ദീപ് സിംഗ് - എളവേണിൽ വളറിവാൻ സഖ്യം 626.3 പോയന്റും നേടി.

റോവിംഗ് പുരുഷ സിംഗിള്‍സ് സ്‌കള്‍സ് ഹീറ്റ്‌സില്‍ ഇന്ത്യയുടെ ബല്‍രാജ് പന്‍വാര്‍ നാലാമതെത്തി. അതോടെ താരം റെപ്പാഷെ റൗണ്ടിലേക്ക് മുന്നേറി. ഹീറ്റ്‌സില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവരാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറുന്നത്.

Advertisement
Advertisement