ബാലവിവാഹ നിരോധനം മതത്തിനും അതീതം, വിചാരണ തടയണമെന്ന ഹർജി   ഹൈക്കോടതി തള്ളി

Sunday 28 July 2024 4:23 AM IST

കൊച്ചി: ബാലവിവാഹ നിരോധന നിയമം (2006) എല്ലാ വ്യക്തിനിയമങ്ങൾക്കും മുകളിലാണെന്ന് ഹൈക്കോടതി. നിയമത്തിലെ വ്യവസ്ഥകൾ ജാതിമത ഭേദമെന്യേ രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യൻ പൗരന്മാർക്ക് ബാധകമാണെന്നും ജസ്റ്റിസ് പി.വി. കുഞ്ഞിക‌ൃഷ്ണൻ ഇത്തരവിട്ടു. പൗരത്വമാണ് പ്രഥമം. മതം അതിനു പിന്നിലാണ്. ബാലവിവാഹത്തിന്റെ പേരിൽ വടക്കഞ്ചേരി പൊലീസെടുത്ത കേസിൽ ആലത്തൂർ മജിസ്ട്രേറ്റ് കോടതിയുടെ വിചാരണനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പുതുക്കോട് സ്വദേശികളായ അഞ്ചു പ്രതികൾ നൽകിയ ഹർജി തള്ളിയാണ് ഉത്തരവ്.

2012 ഡിസംബർ 30ന് വിവാഹിതയായപ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടി നാട്ടുകാരൻ ശിശുവികസന ഓഫീസർക്ക് പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ്, വരൻ, മഹല്ല് ഭാരവാഹികൾ, സാക്ഷി എന്നിവരാണ് പ്രതികൾ.

ഋതുമതിയായാൽ വിവാഹിതയാകാമെന്നത് മുസ്ലീം വ്യക്തിനിയമപ്രകാരം പെൺകുട്ടിയുടെ അവകാശമാണെന്ന് ഹ‌ർജിക്കാർ വാദിച്ചു. ശരീഅത്തിൽ 15 വയസാണ് കുറഞ്ഞപ്രായപരിധി. അതിനാൽ കേസ് നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടി.

എന്നാൽ, ബാലവിവാഹ നിയമം വ്യക്തിനിയമങ്ങൾക്ക് അതീതമാണെന്ന് അമിക്കസ് ക്യൂറിയും സ‌ർക്കാരും ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ മുൻകാല വിധികളടക്കം പരിശോധിച്ച ഹൈക്കോടതി ഇത് ശരിവച്ചു.

ബാലവിവാഹത്തിനെതിരെ ആർക്കും പരാതി നൽകാമെന്ന വ്യവസ്ഥയടക്കം കേരള ബാലവിവാഹ നിരോധനച്ചട്ടങ്ങളിൽ ഉൾപ്പെടുത്തിയത് ഈ തിന്മ തുടച്ചുമാറ്റുകയെന്ന ലക്ഷ്യത്തോടെയാണ്. രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങൾക്കും വിരുദ്ധമായ ക‌ർമ്മമാണിതെന്ന് ഹൈക്കോടതി വിലയിരുത്തി.

ബാലവിവാഹം തടയാനും ഇല്ലാതാക്കാനുമായി മാദ്ധ്യമങ്ങളും സന്നദ്ധസംഘടനകളും അവസരത്തിനൊത്ത് പ്രവർത്തിക്കണം. ആധികാരികമായ പരാതിയെങ്കിൽ കോടതികൾ സ്വമേധയാ കേസെടുക്കണം. ഈ സംഭവത്തിൽ പരാതിക്കാരൻ അതേ സമുദായത്തിൽ പെട്ടതാണെന്നത് സന്തോഷകരമാണെന്നും ഉത്തരവിൽ പറയുന്നു.

പെൺകുട്ടികൾ ജീവിതം ആസ്വദിച്ച് വളരട്ടെ

നൂറു ശതമാനം സാക്ഷരത അവകാശപ്പെടുന്ന കേരളത്തിൽ ഇത്തരം സംഭവങ്ങൾ തുടരുന്നത് ദുഃഖിപ്പിക്കുന്നതായി ബാലവിവാഹക്കേസിലെ പ്രതികളുടെ ഹർജി തള്ളി ഹൈക്കോടതി പറഞ്ഞു. മുഹമ്മദീയ നിയമം പറഞ്ഞ് പ്രതികൾ അതിനെ ന്യായീകരിക്കാൻ ശ്രമിച്ചത് അതിലേറെ ദുഃഖകരമാണെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

ബാലവിവാഹം കുട്ടികൾക്ക് പഠിക്കാനും ആരോഗ്യത്തോടെ ജീവിക്കാനുമുള്ള അവകാശങ്ങളുടെ ലംഘനമാണ്. ചൂഷണത്തിന് വഴിവയ്ക്കുന്നതാണ്. ചെറുപ്പത്തിലെ വിവാഹവും ഗർഭധാരണവും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ശിശുമരണം, പ്രസവപ്രശ്നങ്ങൾ, ലൈംഗിക രോഗങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. മിക്ക പെൺകുട്ടികളും പഠനം ഉപേക്ഷിക്കേണ്ടിവരും. ഭാവി ഇരുളിലാകും. വൈകാരിക, മാനസികപ്രശ്നങ്ങളുണ്ടാക്കും. വിഷാദവും ആശങ്കയും അലട്ടും. വീട്ടിലും സമൂഹത്തിലും ഒറ്റപ്പെടാനിടയാക്കും. അതിനാൽ പെൺകുട്ടികൾ പഠിച്ചുവളരട്ടെ. യാത്രകൾ ചെയ്തും മറ്റും ജീവിതം ആസ്വദിക്കട്ടെ. മിക്കവരും ഉന്നതപഠനം ആഗ്രഹിക്കുന്നവരാണ്. ആധുനിക സമൂഹത്തിൽ വിവാഹത്തിന് നിർബന്ധിക്കുന്നത് ശരിയല്ല. പ്രായപൂർത്തിയാകുമ്പോൾ ആവശ്യമെങ്കിൽ അവർ രക്ഷിതാക്കളുടെ അനുഗ്രഹത്തോടെ വിവാഹജീവിതം തിരഞ്ഞടുത്തുകൊള്ളുമെന്നും കോടതി വ്യക്തമാക്കി.

Advertisement
Advertisement