ഓടയിൽ ഒളിച്ച മോഷ്ടാവിനെ സാഹസികമായി പിടികൂടി

Sunday 28 July 2024 2:23 AM IST
രാജശേഖര ചെട്ടിയാർ

കായംകുളം: പൊലീസിനെ വെട്ടിച്ച് ഓടയിൽ ഒളിച്ച മോഷ്ടാവിനെ ഫയർ ഫോഴ്സിന്റെ സഹായത്തോടെ കായംകുളം പൊലീസ് പിടികൂടി. തമിഴ്നാട് ചെന്നൈ കടലൂർ സ്വദേശി രാജശേഖര ചെട്ടിയാരെയാണ് ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെ പിടികൂടിയത്. കായംകുളം റെയിൽവേ സ്റ്റേഷന് സമീപമുള്ള വീട്ടിൽ മോഷണശ്രമം നടക്കുന്നതിനിടയിൽ പൊലീസിനെ വീട്ടുകാർ വിവരമറിയിക്കുകയും നൈറ്റ് പെട്രോളിംഗ് സംഘം സ്ഥലത്ത് എത്തിയപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് പൊലീസ് പിന്തുടരുന്നത് മനസിലാക്കിയ പ്രതി സമീപത്തെ ഓടയിൽ ഒളിക്കുകയായിരുന്നു. തുടർന്ന് ഓടയിലിറങ്ങി പൊലീസ് പരിശോധന നടത്തിയതോടെ അകത്തേക്ക് വലിഞ്ഞു. പിന്നീട് ഫയർഫോഴ്സിനെ വിവരം അറിയിച്ചതോടെ അവർ സ്ഥലത്തെത്തി ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെ ഓടയ്ക്കുള്ളിൽ കയറി ഇയാളെ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു.

Advertisement
Advertisement