അർജുന്റെ കുട്ടിയുടെ പ്രതികരണം ചിത്രീകരിച്ച സംഭവം; യുട്യൂബ് ചാനലിനെതിരെ കേസെടുത്തു
Sunday 28 July 2024 6:20 PM IST
കോഴിക്കോട്: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുട്ടിയുടെ പ്രതികരണം ചിത്രീകരിച്ച യുട്യൂബ് ചാനലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു. പാലക്കാട് സ്വദേശിയായ സിനിൽ ദാസിന്റെ പരാതിയിലാണ് നടപടി. അവതാരക കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. ചാനൽ ഉടമയ്ക്ക് നാളെ നോട്ടീസ് നൽകും. അവതാരകയ്ക്കും ചാനലിനുമെതിരെയാണ് കേസെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പോക്സോ വകുപ്പിന്റെ പരിധിയിൽപെടുന്ന കുറ്റമാണ് അവതാരക ചെയ്തതെന്നും പരാതിയിൽ പറയുന്നു. അർജുന്റെ കുട്ടിയുടെ പ്രതികരണം ചിത്രീകരിച്ചതിൽ ചാനലിന് നേരെ വലിയ രീതിയിൽ വിമർശനം ഉയരുന്നുണ്ട്.