അർജുനുവേണ്ടിയുള്ള തെരച്ചിൽ തുടരണം; കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ

Sunday 28 July 2024 6:57 PM IST

തിരുവനന്തപുരം: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനുവേണ്ടിയുള്ള തെരച്ചിൽ തുടരണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുസംബന്ധിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു.

രക്ഷാപ്രവ‌ർത്തനങ്ങൾ തുടരാൻ നിർദേശങ്ങൾ നൽകാൻ അഭ്യർത്ഥിക്കുന്നുവെന്ന് സിദ്ധരാമയ്യക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് തെരച്ചിൽ തുടരണം. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘങ്ങളുടെ ശ്രമങ്ങൾക്ക് നന്ദി അർപ്പിക്കുന്നതായും പിണറായി വിജയൻ കത്തിൽ വ്യക്തമാക്കി.

അർജുനായുള്ള രക്ഷാപ്രവർത്തനം താത്‌കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്. തിരച്ചിൽ താത്‌കാലികമായി നിർത്തിവച്ചത് ദൗർഭാഗ്യകരമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. കേരള സർക്കാരിനെ ഔദ്യോഗികമായി അറിയിക്കാതെയാണ് തെരച്ചിൽ അവസാനിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

'അർജുന്റെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ടുളള എല്ലാ കാര്യങ്ങളും ഞങ്ങൾ തുടക്കം മുതൽ സംസാരിച്ചിരുന്നു. കർണാടകയിലെ ജില്ലാ കളക്ടറിനെ വിളിച്ച് നിലപാട് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാലാവസ്ഥ പ്രതികൂലമായിട്ടും തെരച്ചിൽ നടത്തിയിരുന്നു. പക്ഷെ ഇന്ന് കാലാവസ്ഥ കുറച്ച് കൂടി മെച്ചപ്പെട്ടതാണെന്നാണ് അറിയാൻ കഴിഞ്ഞത്. ഇത് ദൗർഭാഗ്യകരമാണ്. തെരച്ചിൽ നിർത്തിയെന്ന വിവരം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. തീരുമാനം കൂടിയാലോചനകൾ നടത്താതെയെടുത്തതാണ്. കൂടുതൽ സാദ്ധ്യത പരിശോധിക്കാതെയാണ് രക്ഷാദൗത്യം താത്‌കാലികമായി നിർത്തിവച്ചത്. കേരളാ മുഖ്യമന്ത്രി കൂടുതൽ സാദ്ധ്യതകൾ പരിശോധിക്കുന്നതിനെക്കുറിച്ച് കേന്ദ്രത്തിന് കത്തയച്ചിരുന്നു' എന്നാണ് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ പ്രതികരിച്ചത്. ഭരണഘടനാപരമായി ചെയ്യേണ്ട എല്ലാ സഹായവും കേരള സർക്കാർ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement