എൽ.ഡി.എഫ് മൂന്നാമതും അധികാരത്തിലേറും: വെള്ളാപ്പള്ളി
#മുഖ്യമന്ത്രിയുടെ ശൈലി മാറ്റണമെന്ന് പറയില്ല
കൊച്ചി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ഇടതുമുന്നണി അധികാരത്തിലേറാനാണ് സാദ്ധ്യതയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാദ്ധ്യമപ്രവർത്തകരോട്പറഞ്ഞു.
ഇടതുമുന്നണിയെക്കാൾ യു.ഡി.എഫിന്റെ വോട്ടുകളാണ് കൂടുതലും എൻ.ഡി.എയ്ക്ക് ലഭിക്കുന്നത്. അതിന്റെ ഗുണം കിട്ടുക ഇടതുമുന്നണിക്കാണ്. എൻ.ഡി.എയാണിപ്പോൾ ഇടതുമുന്നണിയുടെ ഐശ്വര്യം. ഇടതുപാർട്ടികളെ സ്വന്തം രക്തം നൽകിയ വളർത്തിയവരാണ് പിന്നാക്ക, പട്ടിക വിഭാഗങ്ങൾ. അവരെ മറന്ന് ന്യൂനപക്ഷ പ്രീണനം നടത്തിയതിന്റെ പ്രതിഫലനമാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ദൃശ്യമായത്. തെറ്റു തിരുത്തിയാൽ ഇടതുമുന്നണിയെ അവർ പിന്തുണയ്ക്കും. ക്ഷേമപെൻഷൻ വർദ്ധിപ്പിച്ചെങ്കിലും അത് കുടിശികയാക്കി. മാവേലി സ്റ്റോറുകൾ കാലിയാണ്. പാവപ്പെട്ടവന്റെ വേദന ഇടതു സർക്കാർ മനസിലാക്കാതെ പോയി. പിണറായി സർക്കാരിനെയും സി.പി.എമ്മിനെയും താൻ തള്ളിപ്പറഞ്ഞിട്ടില്ല. അവരുടെ വീഴ്ചകൾ ചൂണ്ടിക്കാണിച്ചതാണ്. യോഗം ജനറൽ സെക്രട്ടറിയെന്ന നിലയിൽ അത് കടമയാണ്. ഇപ്പോൾ മുസ്ലിം വിരുദ്ധനായും ഗാന്ധി വിരുദ്ധനായും കള്ളുകച്ചവടക്കാരനായും തന്നെ ചിത്രീകരിക്കാനാണ് വ്യാപക ശ്രമം. താൻ മുസ്ലിം വിരുദ്ധനൊന്നുമല്ല. 30 വർഷമായി എസ്.എൻ ട്രസ്റ്റിന്റെ ഓഡിറ്റർമാർ റഹീം അസോസിയേറ്റ്സാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ എൻ.എൻ ട്രസ്റ്റ് കോളേജ് പ്രതിനിധികൾ വോട്ടു ചെയ്ത് വിജയിപ്പിച്ചത് എം.ഇ.എസ് കോളേജ് പ്രതിനിധിയെയാണ്.
സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനത്തിനെതിരായ തന്റെ പ്രസ്താവനകളിൽ പ്രതിഷേധിച്ച് നവോത്ഥാന സമിതിയംഗങ്ങളിൽ ചിലർ രാജിവച്ചതാണ് പരിഹാസ്യം. അവർക്ക് കൂടി ഗുണമുള്ള കാര്യങ്ങളിൽ തനിക്കൊപ്പം നിന്നവരാണ് ഈ നാടകം കളിക്കുന്നത്. മുഖ്യമന്ത്രിയുടെ ശൈലി മാറ്റണമെന്നൊന്നും പറയാൻ താൻ ആളല്ല. എല്ലാ നേതാക്കൾക്കും ഓരോ ശൈലിയുണ്ടാകും.
നിയോഗം യോഗത്തെ
മഞ്ഞ പുതപ്പിക്കൽ
എസ്.എൻ.ഡി.പി യോഗത്തെ മഞ്ഞ പുതപ്പിക്കലാണ് തന്റെ നിയോഗം. കാവിയും ചുവപ്പും പച്ചയും പുതപ്പിക്കലല്ല. യോഗത്തിൽ എല്ലാ പാർട്ടിക്കാരും അംഗങ്ങളാണ്. ഭൂരിഭാഗം ഭാരവാഹികളും അംഗങ്ങളും ഇടതുപക്ഷ അനുഭാവികളുമാണ്. അവരുടെ യോഗം ശാഖാതലത്തിൽ സി.പി.എം വിളിക്കുമെന്നൊക്കെ കേട്ടറിവു മാത്രമേയുള്ളൂ. ഏതു പാർട്ടിക്കും അവരുടെ അനുയായികളുടെ യോഗം വിളിക്കാം. മുൻകാലങ്ങളിലും ഇത്തരം ശ്രമങ്ങളും അതിന്റെ തിരിച്ചടികളും ഉണ്ടായിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇരുമുന്നണികളും
'ഹനുമാൻ റോളിൽ':
ശ്രീരാമന് മുന്നിൽ ഹനുമാനെപ്പോലെയാണ് ന്യൂനപക്ഷങ്ങളുടെ മുന്നിൽ കേരളത്തിലെ ഇടതു - വലതു മുന്നണികളെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം കണയന്നൂർ യൂണിയൻ സംഘടിപ്പിച്ച 'അശ്വത്ഥം - ആശാത്മായനം" പരിപാടി പാലാരിവട്ടം കുമാരനാശാൻ സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗിന്റെയും കേരള കോൺഗ്രസിന്റെയും സേവകരെപ്പോലെയാണ് രണ്ട് മുന്നണികളും. വോട്ടുബാങ്കുകളുടെ ബലത്തിൽ ഇവർക്ക് സ്ഥാനമാനങ്ങൾ വാരിക്കോരി കൊടുക്കുകയാണ്. മുന്നണികൾ നാമനിർദേശം ചെയ്യുന്ന 9 രാജ്യസഭാ സീറ്റുകളിൽ ഒന്നു പോലും പിന്നാക്ക, പട്ടികവിഭാഗക്കാർക്ക് നൽകിയില്ല. അഞ്ച് സീറ്റ് മുസ്ലിങ്ങൾക്കും രണ്ടെണ്ണം ക്രൈസ്തവർക്കും. പി.എസ്.സി അംഗത്വം,14 സർവകലാശാലകളിലെ വൈസ് ചാൻസലർമാർ,സർക്കാരിന്റെ വിവിധ കോർപ്പറേഷനുകൾ എന്നിവയിൽ എത്രയെണ്ണം ന്യൂനപക്ഷങ്ങൾക്ക് നൽകിയെന്ന് പരിശോധിച്ചാൽ ഇരട്ടത്താപ്പ് മനസിലാകും. പിന്നാക്ക, പട്ടികവിഭാഗക്കാർക്ക് ഇന്നു വരെ തുല്യനീതി ലഭിച്ചിട്ടില്ല. കേരളത്തിൽ വീടില്ലാത്തവരും പുറമ്പോക്കിൽ കഴിയുന്നവരും പിന്നാക്കക്കാരും പട്ടികവിഭാഗക്കാരും മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഷഷ്ട്യബ്ദ പൂർത്തി പിന്നിട്ട നാനൂറോളം മുൻ ശാഖായോഗം ഭാരവാഹികളെ വെള്ളാപ്പള്ളി ആദരിച്ചു. ഉന്നത വിജയം നേടിയ 300 വിദ്യാർത്ഥികളെ അനുമോദിച്ചു. കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.