ഒ.ആർ.എസ് ഉപയോഗം ജീവൻ രക്ഷിക്കും: മന്ത്രി വീണാജോർജ്, ഇന്ന് ലോക ഒ.ആർഎസ് ദിനം

Monday 29 July 2024 12:36 AM IST

തിരുവനന്തപുരം: മഴ തുടരുന്നതിനാൽ വയറിളക്ക രോഗങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും അതിനാൽ ഒ.ആർ.എസിന് (ഓറൽ റീ ഹൈഡ്രേഷൻ) വളരെ പ്രാധാന്യമുണ്ടെന്നും മന്ത്രി വീണാ ജോർജ്. ഒ.ആർ.എസ് ദിനാചരണത്തിന്റെയും സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്റെയും സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഇന്ന് ഓൺലൈനായി നിർവഹിക്കും.

ലോകത്ത് അഞ്ചുവയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളിൽ രണ്ടാമത്തെ കാരണം വയറിളക്ക രോഗങ്ങളാണ്. ഒ.ആർ.എസ് പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവൻ രക്ഷിക്കാനാകും. ശരീരത്തിൽ നിന്ന് ജലാംശവും ലവണങ്ങളും നഷ്ടപ്പെട്ട് മരണത്തിനുവരെ കാരണമാകുന്ന കോളറ,ഷിഗല്ല തുടങ്ങിയ വയറിളക്ക രോഗങ്ങൾ മൂലമുള്ള മരണം പ്രത്യേകിച്ച് കുട്ടികളിൽ തടയാൻ ഒ.ആർ.എസിലൂടെ സാധിക്കും. വയറിളക്കമോ ഛർദ്ദിലോ നിന്നില്ലെങ്കിൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കുക പ്രധാനമാണ്.

ഒ.ആർ.എസിൽ ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാസ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് നൽകുന്നതിലൂടെ ജലാംശവും ലവണാംശവും നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും. രോഗിക്ക് ഛർദ്ദി ഉണ്ടെങ്കിൽ അല്പാല്പമായി ഒ.ആർ.എസ് ലായനി നൽകാം. എല്ലാ വീടുകളിലും,​ പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ ഒ.ആർ.എസ് പാക്കറ്റുകൾ സൂക്ഷിക്കണം. എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഇത് സൗജന്യമാണ്.

വയറിളക്കമുള്ളപ്പോൾ ഒ.ആർ.എസിനൊപ്പം ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശ പ്രകാരം സിങ്ക് ഗുളികയും നൽകണം.

Advertisement
Advertisement