തിരുവട്ടാറിൽ യൂത്ത് കോൺഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തി
കുഴിത്തുറ : കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിൽ യൂത്ത് കോൺഗ്രസ് നേതാവിനെ ബൈക്കിൽ എത്തിയ ആറാംഗസംഘം വെട്ടിക്കൊലപ്പെടുത്തി. തിരുവട്ടാർ, ഭാരതപള്ളി, കുന്നത്തുവിള സ്വദേശി ചിന്നപ്പന്റെ മകൻ ജാക്ക്സൺ (37) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 8:30നായിരുന്നു സംഭവം.
പൊലീസ് പറയുന്നത് ഇങ്ങനെ : ജാക്സൺ ശനിയാഴ്ച രാത്രി വീട്ടിലിരിക്കുമ്പോൾ മൊബൈലിൽ കാൾ വന്നു. ഫോണെടുത്ത് സംസാരിച്ചശേഷം വീട്ടിൽ നിന്നിറങ്ങിയ ജാക്സൺ വീടിനടുത്തുള്ള പള്ളിയുടെ
മുന്നിൽ എത്തി. അവിടെ രണ്ടു ബൈക്കിലായി എത്തിയ ആറംഗസംഘം ജാക്സണോട് സംസാരിക്കുകയും, മറച്ചു വച്ചിരുന്ന അരിവാൾ, കമ്പി എന്നിവ ഉപയോഗിച്ച് ജാക്സണെ വെട്ടുകയും മർദ്ദിക്കുകയും ചെയ്തു. നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു. ജാക്സണെ നാട്ടുകാർ ആറ്റൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിശോധിച്ച ഡോക്ടർ വേറെ ആശുപത്രിയിൽ കൊണ്ടു പോകാൻ നിർദ്ദേശിച്ചു. തുടർന്ന് നെയ്യാറ്റിൻകരയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ ചികിത്സയിലിരിക്കെ രാത്രി തന്നെ ജാക്സൺ മരിച്ചു. മൃതദേഹം നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പൊലീസ് കേസെടുത്തു. തിരുവട്ടാർ പത്താം വാർഡിലെ കൗൺസിലറായ ഉഷാകുമാരിയാണ് ഭാര്യ. രണ്ട് പെൺമക്കളുണ്ട്.
മുൻ വൈരാഗ്യം
മുൻ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് കണ്ടെത്തി.കഴിഞ്ഞ വർഷം ഡിസംബറിൽ ജാക്സണും മറ്റൊരാളുമായി കശപിശയുണ്ടായി. തിരുവട്ടാറർ സ്റ്റേഷനിൽ ഇരുവരും പരാതി നൽകിയിരുന്നു. പ്രതികൾ ഉടൻ പിടിയിലാകുമെന്ന് ജില്ല പൊലീസ് മേധാവി സുന്ദരവദനം പറഞ്ഞു. പ്രതികളെ പിടികൂടാൻ 5 പ്രത്യേക സംഘങ്ങളെ നിയോഗിച്ചു.