കാറ്ററിംഗ് മേഖലയെ നിലനിർത്താൻ സമരത്തിലേക്ക് വിലക്കയറ്റത്തിൽ കെെപൊള്ളുന്നു

Monday 29 July 2024 12:00 AM IST
catering

കോഴിക്കോട്: അവശ്യസാധനങ്ങൾക്ക് പുറമെ വൈദ്യുതി നിരക്ക്, പാചകവാതക വിലവർദ്ധനവിൽ നട്ടംതിരിയുന്ന കാറ്ററിംഗ് മേഖലയിലെ സംരംഭകർ സമരത്തിലേക്ക്. 30 ന് കളക്ടറേറ്റിലേയ്ക്ക് മാർച്ച് നടത്താനൊരുങ്ങുകയാണ് ഓൾ കേരളാ കാറ്ററിംഗ് അസോസിയേഷൻ. പച്ചക്കറി, പലചരക്ക്, മത്സ്യം, മാംസം എന്നിവയ്ക്കടക്കം ദിനംപ്രതി വില കുതിച്ചുയരുകയാണ്.

വിലക്കയറ്റം മൂലം വിഭവങ്ങളുടെ വില വർദ്ധിപ്പിച്ചാൽ ഓർഡറുകളിൽ കുറവുവരുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് സംരംഭകർ സമര രംഗത്തിറങ്ങുന്നത്. 30 ന് കോഴിക്കോട് മാനാഞ്ചിറ അഡീഷണൽ സബ് ട്രഷറി ഓഫീസിന് മുമ്പിൽ നടക്കുന്ന ധർണ സംസ്ഥാന ട്രഷറർ ശ്രീവത്സൻ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലാ പ്രസിഡന്റ് പ്രേംചന്ദ് വള്ളിൽ അദ്ധ്യക്ഷത വഹിക്കും.

കോഴിക്കോട് ജില്ലയിൽ മാത്രം കാറ്ററിംഗ് മേഖലയെ ആശ്രയിച്ച് പതിനായിരത്തിലേറെ തൊഴിലാളികളുണ്ട്. ഒരു കാറ്ററിംഗുകാരന് സാധാരണ 10 മുതൽ 20 വരെ സ്ഥിരം ജീവനക്കാരുണ്ടാവും. ബുക്കിംഗ് നഷ്ടമായാലും ജീവനക്കാർക്ക് ശമ്പളം നൽകണം. എന്നാൽ മതിയായ വരുമാനമില്ലാതെ തൊഴിലാളികൾക്ക് എങ്ങനെ ശമ്പളം നൽകുമെന്നാണ് ഉടമകൾ ചോദിക്കുന്നത്. പലരും ലോണെടുത്തും കടം വാങ്ങിയുമാണ് സംരംഭം മുന്നോട്ട് കൊണ്ടുപോകുന്നത്. കാറ്ററിംഗ് തൊഴിലിലേക്ക് കടന്നുവന്ന നിരവധി പുതിയ ആളുകൾ സ്വർണപ്പണയത്തിൽ വായ്പയെടുത്തും ഭീമമായ തുക കടം വാങ്ങിയുമൊക്കെയാണ് കാറ്ററിംഗ് സർവീസിനാവശ്യമായ പാത്രങ്ങൾ മുതൽ ഇതിലേക്ക് വേണ്ട സാധനങ്ങൾ വരെയുള്ളവ വാങ്ങിക്കൂട്ടിയത്. കാറ്ററിംഗ് മേഖലയെ ചെറുകിട വ്യവസായമായി സർക്കാർ അംഗീകരിക്കാത്തതിനാൽ സർക്കാരിന്റെ ആനുകൂല്യങ്ങളും ലഭിക്കാറില്ല. ഓഡിറ്റോറിയങ്ങളിൽ മാലിന്യ സംസ്‌കരണ സൗകര്യമില്ലാത്തതിനാൽ വൻ തുക മുടക്കി ഇവ സംസ്‌കരിക്കേണ്ടതും കാറ്ററിംഗുകാരുടെ ഉത്തരവാദിത്വമായി മാറി. നികുതിയിളവ്, വൈദ്യുതിനിരക്കിലെ ഇളവ് ഉൾപ്പെടെ വേണമെന്നാണ് ഇവരുടെ ആവശ്യം.

'' സർക്കാർ സഹായമുണ്ടെങ്കിൽ മാത്രമേ മേഖലയിലുള്ളവർക്ക് ഇനി പിടിച്ചുനിൽക്കാനാൻ സാധിക്കുകയുള്ളൂ. ഈ വ്യവസായത്തെ താങ്ങിനിർത്താൻ അധികാരികളുടെ മുമ്പിൽ വിഷയങ്ങൾ അവതരിപ്പിക്കാൻ പുതിയ ഒരു സമരമുഖം തുറക്കുകയല്ലാതെ മറ്റു വഴികളൊന്നും മുന്നിലില്ല.

പ്രേംചന്ദ് വള്ളിൽ,

ജില്ലാ പ്രസിഡന്റ്,

ഓൾ കേരളാ കാറ്ററിംഗ് അസോസിയേഷൻ

Advertisement
Advertisement