നിരന്തരം സമരം ചെയ്തിട്ടും പ്രശ്നങ്ങൾ പരിഹരിച്ചില്ല പട്ടിണിയിൽ പാചകത്തൊഴിലാളികൾ 

Monday 29 July 2024 12:05 AM IST
school

കോഴിക്കോട്: പരാതി പറഞ്ഞിട്ടും സമരം നടത്തിയിട്ടും ഫലമില്ല. സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം ഒരുക്കുന്ന പാചക തൊഴിലാളികൾ അരപട്ടിണിയിൽ. അദ്ധ്യയനവർഷത്തിന്റെ തുടക്കത്തിൽതന്നെ വേതനം നൽകുന്നതിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതോടെ തൊഴിലാളികൾ പ്രതിസന്ധിയിലാണ്. ജൂണിലെ വേതനം തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല. ഏപ്രിൽ മേയ് മാസങ്ങളിലേത് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് ലഭിച്ചത്. മാർച്ച് മാസത്തെ വേതനം ലഭിച്ചെങ്കിലും 1000 രൂപ കുറച്ചാണ് കിട്ടിയത്. ഇതോടെ ജില്ലയിലെ 1500 ഓളം തൊഴിലാളികളാണ് കഞ്ഞികുടി മുട്ടി പട്ടിണിയിലായത്.

കൂലി വർദ്ധന, ക്ഷാമ ബത്ത തുടങ്ങിയ ആവശ്യങ്ങൾക്കായി വർഷാവർഷം സമരം ചെയ്യേണ്ട ഗതികേടിലാണ് ഇവർ.

ശരാശരി 22 പ്രവൃത്തി ദിനം ലഭിക്കുന്ന ഒരു തൊഴിലാളിക്ക് പ്രതിദിനം 600 രൂപയാണ് കൂലി. 500 കുട്ടികൾക്ക് ഒരാൾ എന്ന അനുപാതത്തിലാണ് തൊഴിലാളികളുടെ ജോലി. എന്നാൽ ഇത്രയുമധികം കുട്ടികളുണ്ടാകുമ്പോൾ സഹായികൾ ആവശ്യമായി വരും. സഹായികളുടെ ഉത്തരവാദിത്തം സർക്കാരോ സ്‌കൂളുകളോ ഏറ്റെടുക്കാറില്ലാത്തതിനാൽ ഇവർക്കുള്ള പ്രതിഫലം കൂടി തൊഴിലാളികൾ സ്വന്തം കൈയിൽ നിന്ന് കൊടുക്കണം. ഇതോടെ കിട്ടുന്ന 600 രൂപ 300 ആയി ചുരുങ്ങും. മുമ്പൊക്കെ ഉച്ചക്കഞ്ഞിയും ഒരു കറിയും മാത്രം ഉണ്ടാക്കിയാൽ മതിയായിരുന്നെങ്കിൽ ഇപ്പോൾ രണ്ടോ മൂന്നോ കറിയടക്കം ഒരുക്കണം. പലപ്പോഴും ആളുകൾ തികയാത്തതിനാൽ തൊഴിലാളികൾ അദ്ധ്യപകരുടേയോ രക്ഷിതാക്കളുടേയോ സഹായം തേടുകയാണ്.

ആനുകൂല്യങ്ങളില്ല

മുപ്പത് വർഷത്തിലധികമായി ജോലി ചെയ്യുന്നവരാണ് മിക്ക തൊഴിലാളികളും. മറ്റൊരു ജോലിക്ക് പോകാൻ സാധിക്കാത്തതിനാൽ മാസങ്ങളായി വേതനം കുടിശ്ശികയാകുന്നത് ഇവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. പി.എഫ്, ഗ്രാറ്റ്വിറ്റി, ഇൻഷ്വറൻസ്, ചികിത്സാചെലവ് എന്നിവയൊന്നും ഇവർക്കില്ല. വിവിധ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ ദിവസം ഡി.ഡി.ഓഫീസിന് മുമ്പിൽ തൊഴിലാളികൾ സമരം നടത്തിയിരുന്നു.

ആവശ്യങ്ങൾ

@ 250 കുട്ടികൾക്ക് ഒരു തൊഴിലാളി

@തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണം

@ മാസ വേതനം അഞ്ചാം തീയതി മുമ്പായി നൽകണം

@ സൗജന്യ ഹെൽത്ത് കാർഡ്, ആശ്രിത നിയമനം, അപകട ഇൻഷ്വറൻസ്, ക്ഷാമബത്ത ആനുകൂല്യങ്ങൾ നടപ്പിലാക്കുക

@വിരമിക്കൽ ആനുകൂല്യം നൽകുക

''പണിയെടുക്കുന്ന കൂലിക്കായി സമരം ചെയ്യേണ്ട ഗതികേടിലാണ് ഞങ്ങൾ. സർക്കാർ ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണം ഒ. പത്മനാഭൻ

ജനറൽ സെക്രട്ടറി ,

സ്കൂൾ പാചക തൊഴിലാളി സംഘടന കോഴിക്കോട് ജില്ലാ കമ്മിറ്റി

Advertisement
Advertisement