കർഷക‌ർ ചോദിക്കുന്നു, എന്ന് കിട്ടും 5000 രൂപ പെൻഷൻ?

Monday 29 July 2024 2:02 AM IST

 1600 രൂപയുടെ കിസാൻ അഭിമാൻ പെൻഷനും കിട്ടുന്നില്ല

 2.75 കോടി രൂപയാണ് ഉയർന്ന കൃഷക പെൻഷൻ പദ്ധതിക്ക് അപേക്ഷിച്ചവരുടെ അംശാദായമായി ഇതുവരെ കാർഷിക ക്ഷേമനിധി ബോർഡിന്റെ അക്കൗണ്ടിലെത്തിയത്.

പാലക്കാട്: സർക്കാർ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന 5000 രൂപ കർഷക പെൻഷൻ പദ്ധതി പാതിവഴിയിൽ. നാല് വർഷമായി ഫയൽ സംസ്ഥാന ധനവകുപ്പിന്റെ ചുവപ്പ് നാടയിൽ കുടുങ്ങിക്കിടക്കുകയാണ്. പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന കർഷകരുടെ അംശദായംകൊണ്ട് മാത്രം ഉയർന്ന തുക പെൻഷൻ നൽകാൻ കഴിയുമോ എന്നതാണ് ധനവകുപ്പിനെ അലട്ടുന്നത്. തടസം മാറ്റാൻ ധന, കൃഷിമന്ത്രിമാർ പലവട്ടം ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. ഇതിന് പിന്നാലെ പഴയ പെൻഷൻ പദ്ധതിയിലെ തുക വിതരണവും മുടങ്ങിയതോടെ സംസ്ഥാനത്തെ കർഷകർ വലിയ പ്രതിസന്ധിയിലാണ്. കിസാൻ അഭിമാൻ പദ്ധതി എന്ന പേരിൽ മാസം 1600 രൂപയാണ് കർഷകർക്ക് ലഭിച്ചിരുന്നത്. കഴിഞ്ഞ ഡിസംബറിനു ശേഷം ഈ പെൻഷൻ വിതരണം നടന്നിട്ടില്ല.

 2008 -09 ലാണ് 60 വയസ് തികഞ്ഞ, ഒരു ഹെക്ടറിൽ താഴെ കൃഷിയുള്ളവർക്ക് മാസം 1600 രൂപ കൊടുക്കുന്ന കിസാൻ അഭിമാൻ എന്ന ചെറുകിട കർഷക പെൻഷൻ പദ്ധതി കൊണ്ടുവന്നത്.

 2020ലാണ് ഈ പദ്ധതി പോരെന്നും മികച്ച പെൻഷൻ കൃഷിക്കാർക്ക് കൊടുക്കണമെന്നും സർക്കാർ തീരുമാനിച്ചത്.

 2021 ഡിസംബർ ഒന്നിന് ഇതിനായി ക്ഷേമബോർഡ് രൂപവത്കരിച്ചു.

 സി-ഡിറ്റ് തയാറാക്കിയ പ്രത്യേക സോഫ്റ്റ്‌വെയറിലൂടെയാണ് അംഗത്വ രജിസ്‌ട്രേഷൻ നടന്നിരുന്നത്.

 100 രൂപ ഫീസ് സഹിതം ഓൺലൈനായോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ നേരിട്ടോ കർഷകന് അപേക്ഷിക്കാം.

 ഇതുവരെ 18,407 അപേക്ഷകളാണ് സ്വീകരിച്ചത്. 15,107 കർഷകരുടെ രജിസ്‌ട്രേഷൻ പൂർത്തിയായി.

 മാസം കുറഞ്ഞത് 100, പരമാവധി 250 രൂപ കർഷകൻ അംശദായമായി അടയ്ക്കണം.

 5 വർഷം മുടങ്ങാതെ അംശദായം അടയ്ക്കുന്ന കർഷകന് 60 വയസു തികയുമ്പോൾ 5,000 രൂപ പെൻഷൻ ലഭിക്കും.

 അപേക്ഷകന്റെ പേരിൽ പരമാവധി 250 രൂപയാണു സർക്കാർ വിഹിതമായി ബോർഡിനു ലഭിക്കുക.

 അതേസമയം നാലുവർഷമായിട്ടും ഉയർന്ന കർഷക പെൻഷൻ പദ്ധതിക്ക് ധനവകുപ്പ് അംഗീകാരം നൽകിയിട്ടില്ല.

 നാല് വർഷം ചെലവ് 4.10 കോടി

പദ്ധതി വിജയം കണ്ടില്ലെങ്കിലും കർഷക ക്ഷേമനിധി ബോർഡിന് നാല് വർഷം 4.10 കോടി രൂപയാണ് ചെലവായത്. തുടർച്ചയായ നാല് വർഷവും സർക്കാർ പണം അനുവദിച്ച് ബോർഡ് പരിപാലിച്ചിട്ടും കർഷക രജിസ്‌ട്രേഷനും പാളിപ്പോയി. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കെ.കൃഷ്ണൻകുട്ടി എം.എൽ.എ ചെയർമാനായി തയാറാക്കിയ കാർഷിക വികസന നയമാണ് കാർഷിക ക്ഷേമനിധി ബോർഡ് ശുപാർശ ചെയ്തത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രി വി.എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഇതു നിലവിൽ വന്നു. ഫിഷറീസ്, അലങ്കാര മത്സ്യക്കൃഷി, മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കുന്ന ചെറുകിട സംരംഭകർ, പാട്ടക്കൃഷിക്കാർ, കാട, മുയൽ, പട്ടുനൂൽ കൃഷി അടക്കം കാർഷിക അനുബന്ധ മേഖലയിലെ മുഴുവൻ പേർക്കും ഇതിൽ അംഗത്വമെടുക്കാം. പ്രായം 18 നും 55 നും മധ്യേയുള്ള, 3 വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവനമാർഗമായി സ്വീകരിച്ചവർക്ക് ക്ഷേമ നിധി ബോർഡിൽ അംഗമാകാം.

Advertisement
Advertisement