രക്ഷാപ്രവർത്തനം തുടരുമെന്ന്  പറഞ്ഞ  ആരെയും  ഇന്ന്  കാണാനില്ല; ദൗത്യം പൂർണമായും ഉപേക്ഷിച്ച നിലയിൽ

Monday 29 July 2024 12:01 PM IST

ഷിരൂർ: അർജുനായുള്ള രക്ഷാപ്രവർത്തനം പൂർണമായി ഉപേക്ഷിച്ച നിലയിലെന്ന് കല്യാശ്ശേരി എം എൽ എ എം വിജിൻ. രക്ഷാപ്രവർത്തനം തുടരുമെന്ന് പറഞ്ഞ ആരെയും ഇന്ന് കാണാനില്ല. ദൗത്യത്തിന് കർണാടകയ്ക്ക് താത്പര്യമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

ഷിരൂരിൽ നിന്ന് നാവിക സേനാ സംഘം മടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. രാവിലെ നേവിയുടെ സംഘം ഇവിടെ എത്തിയിരുന്നു. ഗംഗാവലിപ്പുഴയിൽ പരിശോധന നടത്തുമെന്നായിരുന്നു ജില്ലാ ഭരണകൂടം പറഞ്ഞിരുന്നത്. എന്നാൽ അതുണ്ടായില്ല. നേവി സംഘം കാർവാറിലേക്ക് തിരികെ പോയി.

രക്ഷാ ദൗത്യത്തിന്റെ ഭാഗമായിട്ടോ, ജില്ലാ ഭരണകൂടത്തിന്റെ ഭാഗമായിട്ടോ ഉള്ള ആരും പ്രദേശത്തില്ലെന്നാണ് വിവരം. നിലവിൽ രണ്ടോ മൂന്നോ പൊലീസുകാർ മാത്രമാണ് സ്ഥലത്തുള്ളത്. ജെ സി ബി ഉപയോഗിച്ച് റോഡ് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

തൃശൂരിൽ നിന്നുള്ള ഡ്രഡ്ജർ കൊണ്ടുവരികയാണ് മുന്നിലുള്ള വഴി. എന്നാൽ അടിയൊഴുക്ക് അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചശേഷം മാത്രമായിരിക്കും ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകുക. അർജുനെ കാണാതായിട്ട് ഇന്നേക്ക് പതിനാല് ദിവസം തികഞ്ഞിരിക്കുകയാണ്. അർജുന്റെ ബന്ധുക്കൾ അടക്കമുള്ളവർ ഷിരൂരിലുണ്ട്. എന്തെങ്കിലും ഒരു വിവരം ലഭിച്ചാൽ മാത്രമേ മടങ്ങൂവെന്ന് അവർ നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് അർജുന്റെ സഹോദരി അഞ്ജു ഒരു മാദ്ധ്യമത്തോട് പറഞ്ഞു. മന്ത്രിതല ഇടപെടലോടെ ദൗത്യം തുടരുമെന്നായിരുന്നു പ്രതീക്ഷയെന്നും ദൗത്യം തുടരുന്നതിനായി ഏതറ്റം വരെയും പോകുമെന്നും അവർ വ്യക്തമാക്കി.