തൊടുപുഴ നഗരസഭാ ചെയർമാൻ രാജിവച്ചു

Tuesday 30 July 2024 2:44 AM IST

തൊടുപുഴ: ഒരു മാസത്തിലേറെ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് രാജി സമർപ്പിച്ചു. ജൂൺ 25ന് ഇടവെട്ടിയിലെ സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ നഗരസഭാ അസിസ്റ്റന്റ് എൻജിനിയർ സി.ടി. അജി കൈക്കൂലി വാങ്ങിയ കേസിലെ രണ്ടാംപ്രതിയായ ചെയർമാൻ കഴിഞ്ഞ ശനിയാഴ്ച രാജി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഇന്നലെ രാവിലെ 10.05ന് നഗരസഭയിലെത്തി സെക്രട്ടറി ബിജുമോൻ ജേക്കബിന് കത്ത് കൈമാറുകയായിരുന്നു. ചെയർമാനെതിരെ എൽ.ഡി.എഫ് കൗൺസിലർമാർ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്നലെ ചർച്ചയ്‌ക്കെടുക്കുന്നതിന് മുമ്പ് നടപടികൾ പൂർത്തിയാക്കി.