അർജുന് ജസ്റ്റ് മിസ്

Monday 29 July 2024 11:43 PM IST

റമിത ഫൈനലിൽ ഏഴാമത്

പാരീസ് : ഒളിമ്പിക്സ് ഷൂട്ടിംഗിൽ 10 മീറ്റർ എയർ റൈഫിൾ പുരുഷ വിഭാഗം ഫൈനലിൽ ഒരു ഘട്ടത്തിൽ രണ്ടാം സ്ഥാനത്ത് വരെയെത്തിയിരുന്ന ഇന്ത്യൻ താരം അർജുൻ ബബുതയ്ക്ക് തലനാരിഴയ്ക്ക് മെഡൽ നഷ്ടമായത് അവസാന നിമിഷങ്ങളിൽ വരുത്തിയ പിഴവുകൾ കാരണം . 208.4 പോയിൻ്റുമായി അർജുൻ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അതേസമയം ഇതേ ഇനത്തിലെ വനിതാ വിഭാഗം ഫൈനലിൽ ഇന്ത്യയുടെ റമിത ജിൻഡാൽ ഏഴാം സ്ഥാനത്ത് ഒതുങ്ങി. യോഗ്യതാ റൗണ്ടിലെ മികവ് റമിതയ്ക്ക് ഫൈനലിൽ തുടരാനായില്ല. ഒമ്പതാം ഷോട്ടിൽ 9.7 പോയിന്റ് നേടി മൂന്നാം സ്ഥാനത്തെത്തിയെങ്കിലും പിന്നീട് പിന്നാക്കം പോയി. 145.3 പോയിന്റാണ് രമിതയ്ക്ക് ഫൈനലിൽ നേടാനായത്.

വഴുതിപ്പോയ മെഡൽ

പുരുഷ വിഭാഗം ഫൈനലിൽ ആദ്യ സ്റ്റേജിൽ 4 ഷോട്ടുകൾ അവസാനിക്കുമ്പോൾ അർജുൻ നാലാമതായിരുന്നു. രണ്ടാം സീരിസിലും മികച്ച പ്രകടനം തുടർന്ന അർജുൻ ആദ്യ പത്ത് ഷോട്ടുകൾ അവസാനിക്കുമ്പോൾ 105.0 പോയിന്റുമായി മൂന്നാം സ്ഥാനത്തായി.

ഒരു ഘട്ടത്തിൽ ലോക റെക്കാഡുകാരനായ ചൈനീസ് താരം ഷെംഗ് ലിയാവോയെക്കാൾ O.1 പോയിൻ്റ് മാത്രം പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു.

എന്നാൽ സ്റ്റേജ് 2വിൽ പതിമ്മൂന്നാം ഷോട്ടിൽ വരുത്തിയ പിഴവ് അർജുന് തിരിച്ചടിയായി. 17-ാം ഷോട്ട് വരെ മൂന്നാം സ്ഥാനത്ത് തുടർന്നെങ്കിലും തുടർന്നും നിർണായക സമയത്ത് പിഴവ് ആവർത്തിച്ചതോടെ അർജുൻ നാലാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു. രണ്ടാം സ്റ്റേജിലെ അഞ്ചാം റൗണ്ടിൽ അ‌ർജുൻ പുറത്തായി.

252. 2 പോയിന്റുമായി ചൈനയുടെ പത്തൊമ്പതുകാരൻ ഷെംഗ് ലിയാവൊ ഒളിമ്പിക്സ് റെക്കാഡോടെ സ്വർണം നേടി. ഇത്തവണ ഒളിമ്പിക്സിൽ ഷെംഗിന്റെ രണ്ടാം സ്വർണമാണിത്. നേരത്തെ 10 മീറ്റർ മിക്സഡ് എയർ റൈഫിളിലും ഷെംഗ് സ്വർണം നേടിയിരുന്നു. സ്വീഡന്റെ വിക്ടർ ലിൻഡ്ഗ്രെൻ (251.4 പോയിന്റ്) വെള്ളിയും ക്രൊയേഷ്യയുടെ മിറാൻ മാരിച്ച് (230.0 പോയിന്റ് ) വെങ്കലവും നേടി.

Advertisement
Advertisement