എയർപിസ്റ്റൾ ഉപയോഗിച്ച് വീട്ടമ്മയെ വെടിവച്ച സംഭവം പ്രതിപോയത് പാരിപ്പള്ളിയിൽ നിന്ന് തിരിഞ്ഞ് കുളമട വഴി

Tuesday 30 July 2024 3:08 AM IST

തിരുവനന്തപുരം: കൊറിയർ നൽകാനെന്ന വ്യാജേന വീട്ടിലെത്തി വീട്ടമ്മയെ എയർപിസ്റ്റൾ ഉപയോഗിച്ച് വെടിവച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. പടിഞ്ഞാറെകോട്ട ചെമ്പകശേരി പെരുന്താന്നി പങ്കജിൽ വി.എസ്.ഷിനിയെ വെടിവച്ച പ്രതി വന്നതുംതിരികെ പോയതും കൊല്ലം പാരിപ്പള്ളി ഭാഗത്തുനിന്നാണെന്ന് വ്യക്തമായി. സംഭവശേഷം തിരികെപോയ കാർ പാരിപ്പള്ളിയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് കുളമട വഴി കടന്നുപോയി.

അതിനുശേഷമുള്ള കാറിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. ഈ സ്ഥലത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ളവർ ഇടറോഡുകളിലൂടെ യാത്ര തുടർന്നതായാണ് പൊലീസിന്റെ സംശയം. പ്രതി ഈ ഭാഗത്തുള്ളയാളാണോയെന്നും അന്വേഷിക്കുന്നുണ്ട്. സംഭവത്തിനു മുമ്പ് രാവിലെ ഏഴോടെ ഈ റൂട്ടിലൂടെ കാർ വരുന്ന ദൃശ്യങ്ങളുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഷിനിയുടെയും ഭർതൃപിതാവ് ഭാസ്കരൻ നായരുടെ മൊഴിയനുസരിച്ച് പ്രതി സ്ത്രീയാണെന്ന് ഉറപ്പിക്കുകയാണ് പൊലീസ്.

ഞായറാഴ്ച വീട്ടിൽ ഷിനിയുണ്ടാകുമെന്ന് ഉറപ്പിച്ച പ്രതി മറ്റാരെല്ലാം ഈ സമയം വീട്ടിലുണ്ടാകുമെന്ന് വ്യക്തമായി മനസിലാക്കിയാണ് കൃത്യത്തിനെത്തിയത്. വീടും പരിസരവും നന്നായി മനസിലാക്കി സംഭവ ശേഷം വിദഗ്ദ്ധമായി രക്ഷപ്പെട്ടു. അതിനാൽ നേരത്തെ പ്രതി സ്ഥലത്ത് എത്തിയിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം. സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവികൾ ഇന്നലെ പൊലീസ് പരിശോധിച്ചു. കഴിഞ്ഞ കുറച്ചു ദിവസത്തിനിടെ കൃത്യത്തിന് പ്രതി എത്തിയ മാരുതി സെലേറിയോ കാർ പ്രദേശത്ത് എത്തിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അതിനിടെ ശംഖുംമുഖം അസി. കമ്മിഷണർ അനുരൂപ് ആശുപത്രിയിലെത്തി ഷിനിയെ കണ്ടു. സംഭവമറിഞ്ഞ് മാലിയിൽ നിന്നെത്തിയ ഭർത്താവ് സുജിത് ബി. നായരോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

കുടുംബ പ്രശ്‌നം ?

വെടിവയ്പിനു പിന്നിൽ കുടുംബപപ്രശ്നമാണോയെന്നാണ് പൊലീസിന്റെ ബലമായ സംശയം. ഇക്കാര്യത്തിൽ വ്യക്തതവരുത്താൻ ഷിനിയുടെയും ഭർത്താവ് സുജിത്തിന്റെയും ബന്ധുക്കളുടെയും മൊഴിയെടുക്കൽ ആരംഭിച്ചു. കൂടുതൽ പേരുടെ മൊഴിയെടുത്തശേഷമേ ഇക്കാര്യം ഉറപ്പിക്കാനാകൂ.

ഇന്ന് ഡിസ്ചാർജ്

സ്വകാര്യ ആശുപത്രിയിലുള്ള ഷിനിയെ ഇന്ന് ഡിസ്ചാർജ് ചെയ്തേക്കും. എയർ പിസ്റ്റൾ ഉപയോഗിച്ചുള്ള വെടിവയ്പ് തടുത്തപ്പോൾ വലതുകൈപ്പത്തിയിൽ തുളച്ചുകയറിയ പെല്ലറ്റ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു. മുറിവ് ഉണങ്ങിയിട്ടില്ല. അക്രമി ഷിനിയുടെ മുഖത്തിനു നേരെയാണ് വെടിവച്ചത്. ഇതു തടഞ്ഞപ്പോഴാണ് കൈക്ക് വെടിയേറ്റത്.