ഗിഫ്‌റ്റായി നൽകാൻ മയിൽപീലികൊണ്ട് നെറ്റിപ്പട്ടവും വെറൈറ്റി വാൽക്കണ്ണാടിയും, ശ്രദ്ധനേടി സൗമ്യയുടെ ക്രാഫ്റ്റുകൾ

Tuesday 30 July 2024 11:13 AM IST

ആനയെഴുന്നള്ളത്തും മേളവും വെടിക്കെട്ടുമെല്ലാം നിറഞ്ഞ ഉത്സവങ്ങൾ കേരളത്തിന്റെ തനത് പ്രത്യേകതയാണ്. കേരളത്തിലേക്ക് ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഈ ഉത്സവത്തിലെ അലങ്കാര കാഴ്‌ചകൾ കാരണമായിട്ടുണ്ട്. ഓരോ മലയാളിക്കും ഇവ വളരെ അഭിമാനവും നൽകുന്നു. പഠനത്തിനും ജീവിതം കരുപ്പിടിപ്പിക്കാനും മറുനാടുകളിൽ പോയാലും ഏതൊരു മലയാളിയും നമ്മുടെ നാടിന്റെ അഭിമാനമായ എന്തെങ്കിലുമൊന്ന് കൈയിൽ കരുതും. അത് ആറന്മുള കണ്ണാടിയായാലും പള്ളിയോടങ്ങളുടെ മാതൃകയായാലും തൃശൂർ പൂരത്തിന്റെ ചിത്രങ്ങളായാലും ഓണവില്ലായാലും അങ്ങനെയങ്ങനെ.

മലയാളികളുടെ ഈ ഇഷ്‌ടങ്ങൾ മനസിലാക്കി അതിലൂടെ തന്റെ ജീവിതം വിജയത്തിലെത്തിച്ച ഒരു വീട്ടമ്മയാണ് തണ്ണീർമുക്കം പുത്തനങ്ങാടി ദേവകീ സദനത്തിലെ സൗമ്യ ഹരിഹരൻ. 'നെറ്റിപ്പട്ടം ലോട്ടസ് ക്രാഫ്‌റ്റ്' എന്ന സംരംഭത്തിലൂടെ സൗമ്യക്ക് ഇപ്പോൾ വിദേശ രാജ്യങ്ങളിൽ നിന്നു വരെ വർക്കുകൾ നിരവധി ലഭിക്കുന്നുണ്ട്.

സൗമ്യ നിർമ്മിച്ച ക്രാഫ്‌റ്റ് വർക്കുകളായ നെറ്റിപ്പട്ടവും തിടമ്പും ഒപ്പം ഗിഫ്‌റ്റായി ചിത്രങ്ങൾ പതിപ്പിച്ച വാൽക്കണ്ണാടിയുടെയും നക്ഷത്രത്തിന്റെയും രൂപത്തിലുള്ള വർക്കുകളും നാല് വർഷം കൊണ്ട് വളരെ പെട്ടെന്ന് തന്നെ ഹിറ്റായി.

ആട്ടിൻകൂട് ആർട്ട് ഗാലറിയായി

വീട്ടിലെ ആട്ടിൻകൂട്ടിലെ ആടുകളെ മുഴുവൻ കൊടുത്തപ്പോൾ ചെറുപ്പം മുതലെ ക്രാഫ്‌റ്റ് വർക്കുകൾ ഇഷ്‌ടപ്പെടുന്ന സൗമ്യ അതുവരെ താൻ ചെയ്‌ത ക്രാഫ്റ്റ് വ‌ർക്കുകളെല്ലാം അതിൽ പ്രത്യേക തരത്തിൽ ഒരുക്കി അവിടം ഒരു ആർട്ട് ഗാലറിയാക്കി മാറ്റി. ഗാലറി ശ്രദ്ധ നേടിയതോടെ പിന്നീട് വീടുകളിൽ അലങ്കാരത്തിന് തൂക്കാറുള്ള തരത്തിലുള്ള നെറ്റിപ്പട്ടത്തിന്റെ വർക്കുകൾ ആരംഭിച്ചു.

കൊവിഡ് കാലത്തെ അലങ്കാര പണികൾ

ബി.എഡ് ബിരുദധാരിയായ സൗമ്യ ഗസ്റ്റ് അദ്ധ്യാപികയായി ജോലി നോക്കിയിരുന്നു. അക്കാലത്ത് തുണിസഞ്ചി നിർമ്മാണം പഠിച്ചെടുത്തു. പിന്നീട് യൂട്യൂബ് ചാനലുകൾ നോക്കി നെറ്റിപ്പട്ട നിർമ്മാണം പഠിച്ചെടുത്തു. വൈകാതെ ഓർഡർ അനുസരിച്ച് ഇവ നിർമ്മിച്ച് നൽകിത്തുടങ്ങി. പോളിമർ ഫൈബറിലെ ഫാൻസി മെറ്റീരിയൽ ഉപയോഗിച്ചാണ് ഈ നെറ്റിപ്പട്ടങ്ങൾ നി‌ർമ്മിച്ചത്. ഓഫീസുകളിലും വീടുകളിലും അലങ്കാരത്തിനാണ് ഇവ പ്രധാനമായും ഉപയോഗിക്കാറുള്ളത്.

ചെറുപ്പകാലത്തെ ഇഷ്‌ടം

ക്രാഫ്റ്റ് വ‌ർക് ചെറുപ്പകാലം മുതലേ സൗമ്യയ്‌ക്ക് ഇഷ്‌ടമുള്ളതാണ്. കുട്ടിക്കാലത്ത് ക്ളേ മോഡലിംഗ് അടക്കം ചെയ്‌തിരുന്നു. പിന്നീട് കൊവിഡ് കാലത്താണ് ഒഴിഞ്ഞ ബോട്ടിലുകൾ, ഫ്യൂസായ ബൾബുകൾ അങ്ങനെ കിട്ടുന്നതിലെന്തും പെയിന്റ് ചെയ്‌തും ചിത്രങ്ങളൊട്ടിച്ചും മനോഹരമായ ഗിഫ്‌റ്റ് സാധനങ്ങൾ നിർമ്മിച്ച് നൽകിത്തുടങ്ങി.

നെറ്റിപ്പട്ടം, തിടമ്പ് ഇവ നിർമ്മിക്കാൻ വേണ്ട അതേ വസ്‌തുക്കൾ കൊണ്ട് ചെയ്‌ത് നൽകാവുന്ന ഗിഫ്‌റ്റ് സാധനങ്ങളും ചെയ്‌തു നൽകും. വൃത്താകൃതിയിൽ വാൽക്കണ്ണാടി മാതൃകയിലും ഹാർട്ടിന്റെ ആകൃതിയിലുമെല്ലാം ഗിഫ്‌റ്റ് സാധനങ്ങൾ ആവശ്യക്കാരന്റെ ഓർഡർ അനുസരിച്ച് ചെയ്‌തുകൊടുക്കാറുണ്ട്.

തുടക്കത്തിൽ ഒറ്റയ്‌ക്ക് ചെയ്‌തുവന്നിരുന്ന നെറ്റിപ്പട്ട നിർമ്മാണം പിന്നീട് തിരക്ക് വർദ്ധിച്ചതോടെ കൂടുതൽ ആളുകളെ ഒപ്പം ചേർത്തു. ഇപ്പോൾ എട്ടോളം സ്‌ത്രീകൾക്ക് സൗമ്യയുടെ സംരംഭത്തിൽ ജോലി നൽകിയിട്ടുണ്ട്.

മയിൽപ്പീലി കൊണ്ടുള്ള നെറ്റിപ്പട്ടം

കൂട്ടത്തിൽ ഏറ്റവുമധികം ഓർഡർ വന്നത് ഫാൻസി മോഡലിൽ നി‌ർമ്മിച്ച മയിൽപ്പീലി കൊണ്ടുള്ള നെറ്റിപ്പട്ടത്തിനാണ്. ആദ്യകാലത്ത് നൂലുകൊണ്ട് നെയ്‌ത നെറ്റിപ്പട്ടം ആണ് ചെയ്‌തത്.ക്രാഫ്‌റ്റ് വർക്കുകൾക്ക് പുറമേ ശരിയായ നെറ്റിപ്പട്ടവും ഓർഡർ അനുസരിച്ച് ചെയ്‌തുകൊടുത്തു. ഡൽഹിയിലെ മിലിട്ടറി ആസ്ഥാനത്തും സൗമ്യയുടെ നെറ്റിപ്പട്ടം എത്തിയിട്ടുണ്ട്. ഏഴടി നീളമുള്ള ഫാൻസി നെറ്റിപ്പട്ടമാണ് ഡൽഹിയിലെത്തിയത്.

ഡൽഹിയിലേതിന് പുറമേ മലേഷ്യ, കാനഡ, ഓസ്‌ട്രേലിയ, യുഎസ്‌എ,സിംഗപ്പൂർ അങ്ങനെ വിദേശ രാജ്യങ്ങളിലേക്കും വടക്കേ ഇന്ത്യയിലേക്കും കേരളത്തനിമയുള്ള വർക്കുകൾ ചെയ്‌തുനൽകി.

തിടമ്പും ചെന്നിത്തല പള്ളിയോടത്തിന്റെ അമരച്ചാർത്തും ആവശ്യപ്പെട്ടതനുസരിച്ച് പുതുക്കി പണിതുകൊടുത്തു.ചെമ്പിൽ സ്വർണം ചേർത്താണ് ഇത് നിർമ്മിച്ചത്. മറ്റൊരു ക്ഷേത്രത്തിലേക്കും തിടമ്പ് ചെയ്‌ത് നൽകി. അടുത്ത കാലത്ത് ശ്രദ്ധേയമായ റോബോട്ടിക് ആനയ്‌ക്ക് വേണ്ടിയും നെറ്റിപ്പട്ടവും തിടമ്പും ചെയ്‌തു.

ഒരു വർഷത്തിൽ 1500ഓളം ഓ‌ർഡറുകൾ വരെ ലഭിക്കാറുണ്ട്. ഈയടുത്ത് ആന്ധ്രാ പ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ, കേരളത്തിൽ നിന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്, ആലപ്പുഴ കളക്‌ടറായിരുന്ന കൃഷ്‌ണതേജ എന്നിവർക്കും സിനിമ-സീരിയൽ താരങ്ങൾക്കും നൽകാനുള്ള ഗിഫ്‌റ്റ് സാധനങ്ങൾ ഓർഡർ വന്നിരുന്നു അവയും ചെയ്‌ത് നൽകി. പ്രശസ്‌ത കലാകാരൻ ഡാവിഞ്ചി സുരേഷിനും അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് നെറ്റിപ്പട്ടം ചെയ്‌ത്‌കൊടുത്തു.

വലുതും ചെറുതുമായി വർഷത്തിൽ 1500ഓളം ഓർഡറുകൾ സൗമ്യ ഹരിഹരന്റെ ഈ സംരംഭത്തിന് ലഭിക്കുന്നുണ്ട്. ഇവയിൽ വിദേശത്ത് നിന്നടക്കമുള്ളവ നിരവധിയാണ്. ഭർത്താവ് ഹരിഹരൻ മക്കളായ ദേവികയും ധന്വന്തും ഹരിഹരന്റെ അമ്മ ശാന്ത.പി നായർ എന്നിവർ എന്നും ഒപ്പമുണ്ട്. ഏറ്റവും ചെറിയ ഗിഫ്‌റ്റ് ഐറ്റത്തിന് 500 രൂപ മുതലാണ് വില ആരംഭിക്കുന്നത്.