ചാലിയാർ പുഴയിൽ ഒഴുകിവന്നത് മൂന്ന് വയസുള്ള കുഞ്ഞിന്റേതുൾപ്പെടെ 11 മൃതദേഹങ്ങൾ; തലയറ്റ നിലയിലുൾപ്പെടെ മൃതദേഹാവശിഷ്ടങ്ങൾ
മലപ്പുറം: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ വൻ ഉരുൾപൊട്ടലിൽ മലപ്പുറം നിലമ്പൂർ പോത്തുകല്ലിലെ ചാലിയാർ പുഴയിലൂടെ ഒഴുകിവന്നത് 11 മൃതദേഹങ്ങൾ. ഉരുൾപൊട്ടലിൽ മരണസംഖ്യ 44 ആയി ഉയർന്നിരിക്കുകയാണ്. മൃതദേഹാവശിഷ്ടങ്ങൾ ഉൾപ്പെടെയാണ് ചാലിയാർ പുഴയിൽ നിന്ന് കിട്ടിയത്.
കുനിപ്പാലയിൽ നിന്ന് മൂന്ന് വയസുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. പനങ്കയം പാലത്തിന്റെ അടിയിൽ നിന്ന് ഏഴുവയസുകാരിയുടെ മൃതദേഹം ലഭിച്ചു. പിന്നീട് ചാലിയാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മൃതദേഹങ്ങൾ ലഭിക്കുകയായിരുന്നു. ഭൂതാനം മച്ചികൈ ഭാഗത്തുനിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചാലിയാറിന്റെ മുണ്ടേരി ഇരുട്ടുകുത്തിക്കടവിൽ നിന്ന് മൂന്ന് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഒരു പുരുഷന്റെ മൃതദേഹം തലയറ്റ നിലയിലാണ് കണ്ടെത്തിയത്. തിരിച്ചറിയാത്ത നിലയിലാണ് പല മൃതദേഹങ്ങളും. ഗ്യാസ് സിലിണ്ടറടക്കമുള്ള വീട്ടുസാമഗ്രഹികളും പുഴയിലൂടെ ഒഴുകിവരുന്നുണ്ട്.
മുണ്ടക്കൈ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തെരച്ചിൽ അതീവ ദുഷ്കരമാണെന്നാണ് ദൗത്യ സംഘം വ്യക്തമാക്കുന്നത്. മുണ്ടക്കൈ, അട്ടമല, ചൂരൽമല മേഖലകൾ പൂർണമായും തകർന്ന നിലയിലാണ്. മുണ്ടക്കൈയും അട്ടമലയും പൂർണമായും ഒറ്റപ്പെട്ടു. പ്രദേശത്തേയ്ക്കുള്ള ഏക പാലം തകർന്നു. ദുരന്തബാധിത പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമമാണ് പ്രധാനമായും നടക്കുന്നത്. ഇതിനായി കണ്ണൂരിൽ നിന്നും കോഴിക്കോട്ടുനിന്നും സൈന്യമെത്തും. കുടുങ്ങിയവരിൽ വിദേശികളും ഉൾപ്പെടുന്നുണ്ട്. പ്രദേശത്ത് പെയ്യുന്ന കനത്ത മഴ ദൗത്യത്തിന് തടസമാകുന്നതായി രക്ഷാപ്രവർത്തകർ പറയുന്നു.
പുലർച്ചെ രണ്ട് മണിയോടെയാണ് മുണ്ടക്കെെയിൽ ഉരുൾപ്പൊട്ടിയത്. കരസേനയുടെ 190 അംഗ സംഘം വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ടെറിട്ടോറിയൽ ആർമി കോഴിക്കോട് 122 ബറ്റാലിയനിൽ നിന്നും ഒരു കമ്പനി ഉടൻ യാത്ര തിരിക്കും. 50പേരടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്.