വയനാട് ദുരന്തം: മരണം 76 ആയി; 24പേരെ തിരിച്ചറിഞ്ഞു, രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും  മലവെള്ളപ്പാച്ചിൽ  

Tuesday 30 July 2024 2:16 PM IST

വയനാട്: മേപ്പാടി മുണ്ടക്കൈയിലുണ്ടായ വൻ ഉരുൾപൊട്ടലിൽ മരണം 76 ആയി. ചാലിയാർ പുഴയിൽ നിന്ന് ഒമ്പത് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിരുന്നു. ഇത് ഉൾപ്പെടെയുള്ള കണക്കാണിത്. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം. മുണ്ടക്കെെ പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതോടെയാണ് വീണ്ടും ഉൾപൊട്ടൽ ഉണ്ടായെന്ന് സംശയം ഉയർന്നത്. ഇത് രക്ഷാപ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

24 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. റംലത്ത് (53), അഷ്റഫ് (49), കുഞ്ഞിമൊയ്തീൻ (65), ലെനിൻ, വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജിന, ദാമോദരൻ, കൗസല്യ, വാസു, അയിഷ, ആമിന, ജഗദീഷ്, അനസ്, നഫീസ (60), ജമീല (65), ഭാസ്കരൻ (62),അഫ്സിയ സക്കീ‌ർ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. മരിച്ചവരിൽ മൂന്ന് പേർ കൂട്ടികളാണ്. സഹാന (7), ആഷിന (10), അശ്വിൻ (14). മണ്ണിനടിയിൽ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. മിലിട്ടറിയും ഫയർഫോഴ്സും നാട്ടുകാരും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തിൽ ഉൾപ്പെട്ടിട്ടിള്ളത്. അനാവശ്യമായി ദുരന്ത സ്ഥലത്തേക്ക് പോകരുതെന്ന് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

രക്ഷാപ്രവർത്തനത്തിനായി സെെന്യത്തിന്റെ എൻജിനിയറിംഗ് ഗ്രൂപ്പ് വയനാട്ടിലേക്കെത്തും. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സെെന്യത്തിന്റെ എൻജിനിയറിംഗ് വിഭാഗം നടപ്പാക്കും. പുലർച്ചെ രണ്ട് മണിയോടെയാണ് മുണ്ടക്കെെയിൽ ഉരുൾപ്പൊട്ടിയത്. പുഴയുടെ ഇരുകരകളിലും വീടുകളുണ്ടായിരുന്നു. ഈ ഭാഗത്തുള്ള വീടുകളെല്ലാം തന്നെ പൂർണമായും ഒലിച്ച് പോയി. രക്ഷാപ്രവർത്തനത്തിന് തടസമായി കനത്ത മഴ പെയ്യുന്നുണ്ട്.

അതേസമയം, വയനാട് ജില്ലയിലുണ്ടായ വൻ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവുവിനെ സ്‌പെഷ്യൽ ഓഫീസറായി നിയമിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും ജില്ലാ കളക്ടർക്കും ജില്ലാ ഭരണകൂടത്തിനും ആവശ്യമായ പിന്തുണ നൽകുന്നതിനുമായാണ് സ്‌പെഷ്യൽ ഓഫീസറെ നിയോഗിച്ച് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചത്.