സ്‌കൂളിലെ 22 വിദ്യാർത്ഥികളെക്കുറിച്ച് യാതൊരു വിവരവുമില്ല; ആശങ്ക പങ്കുവച്ച് അദ്ധ്യാപിക

Tuesday 30 July 2024 4:00 PM IST

കൽപ്പറ്റ: സ്‌കൂളിലെ 22 വിദ്യാർത്ഥികളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് വെള്ളാർമല വിഎച്ച്എസ്‌സിയിലെ പ്രിൻസിപ്പൽ ഭവ്യ ടീച്ചർ പറഞ്ഞതായി റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഒന്ന് മുതൽ 12 വരെ ക്ലാസുകളാണ് സ്‌കൂളിലുള്ളത്. ആകെ 582 വിദ്യാർത്ഥികളാണ് ഉള്ളത്. അവരിൽ 22 കുട്ടികളെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് ഭവ്യ ടീച്ചർ പറഞ്ഞു.

പുലർച്ചെ മൂന്നര മണിമുതൽ കുട്ടികളെ വിളിക്കുന്നതാണ്. ആദ്യം 39 കുട്ടികളെ കിട്ടുന്നില്ലായിരുന്നു. പിന്നീട് കുറച്ച് പേരെ കൂടി കിട്ടി. ഇപ്പോൾ 22 കുട്ടികളെക്കുറിച്ച് യാതൊരു വിവരവുമില്ല. അവരുടെ ക്ലാസ് ടീച്ചർമാർ നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണെന്നും ബാക്കി കുട്ടികളെല്ലാവരും സുരക്ഷിതരാണെന്നും അദ്ധ്യാപിക വ്യക്തമാക്കി.

വളരെ ദയനീയ അവസ്ഥയാണിവിടെയെന്നും പ്രദേശത്ത് കറണ്ടില്ലെന്നും അദ്ധ്യാപിക പറയുന്നു. ചിലപ്പോൾ കുട്ടികളുടെ ഫോൺ നഷ്ടപ്പെട്ടതായേക്കാം, അല്ലെങ്കിൽ ചാർജ് തീർന്നു പോയതാകാമെന്ന് ഭവ്യ ടീച്ചർ ആശങ്ക പറഞ്ഞു.