കാലവര്‍ഷക്കെടുതി: അവശ്യസര്‍വീസ് ജീവനക്കാർ അവധി  റദ്ദാക്കി  ജോലിയിൽ  പ്രവേശിക്കണമെന്ന് ചീഫ്  സെക്രട്ടറി

Tuesday 30 July 2024 4:35 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരോട് അവധി റദ്ദാക്കി ജോലിയിൽ പ്രവേശിക്കാൻ നിർദേശിച്ച് ചീഫ് സെക്രട്ടറി വി വേണു. മഴ കനക്കുകയും വയനാട് ജില്ലയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടാവുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളില്‍ തീവ്രമഴമുന്നറിയിപ്പ് നല്‍കിയിട്ടുമുള്ള സാഹചര്യത്തില്‍ അവശ്യസര്‍വീസായി പ്രഖ്യാപിച്ചിരിക്കുന്ന പൊലീസ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, റവന്യൂ ആരോഗ്യം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ എല്ലാ വകുപ്പുകളിലെയും ജീവനക്കാരുടെ ദീര്‍ഘകാല അവധി ഒഴികെയുള്ള അവധി റദ്ദാക്കി തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നാണ് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിരിക്കുന്നത്.

ഈ ജീവനക്കാരെ ഏതു തരത്തിലുള്ള പ്രകൃതിക്ഷോഭ ദുരന്ത സാഹചര്യങ്ങളും നേരിടുന്നതിന് സജ്ജരാക്കി നിര്‍ത്തുന്നതിന് എല്ലാ വകുപ്പ് മേധാവികള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. കൂടുതല്‍ പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുവാനുള്ള സാദ്ധ്യത മുന്‍നിര്‍ത്തി ഏതുതരത്തിലുള്ള ദുരന്തസാഹചര്യങ്ങളെയും നേരിടുന്നതിന് സംസ്ഥാനം തയ്യാറാകുന്നതിന്റെ ഭാഗമായാണ് ഉത്തരവ്.