'വെള്ളവും ഭക്ഷണവുമില്ല, പലർക്കും ഗുരുതര പരിക്ക്';റിസോർട്ടിലെ ഒറ്റമുറിയിൽ കുടുങ്ങിക്കിടക്കുന്നത് നിരവധിപേർ

Tuesday 30 July 2024 4:44 PM IST

വയനാട്: ഓരോ നിമിഷവും മരണം മുന്നിൽ കണ്ടുകൊണ്ടാണ് തള്ളിനീക്കുന്നതെന്ന് മുണ്ടക്കൈയിലെ റിസോർട്ടിൽ കുടുങ്ങിയവർ. രക്ഷാപ്രവർത്തകർ ഉടൻ എത്തുമെന്നാണ് പ്രതീക്ഷ. കൂട്ടത്തിലുള്ള പലർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അവരെ ഉടൻ ആശുപത്രിയിൽ എത്തിക്കേണ്ടതുണ്ടെന്നും റിസോർട്ടിൽ കുടുങ്ങിയ അസ്വാൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ഇയാൾ ഉൾപ്പെടെ നൂറ്റമ്പതിലധികം പേരാണ് മുണ്ടക്കൈയിലെ ട്രീവാലി റിസോർട്ടിൽ കുടുങ്ങിക്കിടക്കുന്നത്.

'ഇന്നലെ രാത്രി രണ്ട് മണി മുതലാണ് ഇവർ റിസോർട്ടിൽ കുടുങ്ങിയത്. സംഘത്തിൽ പ്രായമായവരും കുട്ടികളും സ്‌ത്രീകളും നിരവധി രോഗികളുമുണ്ട്. എങ്ങോട്ടും പോകാൻ കഴിയുന്നില്ല. ഒരു റൂമിനുള്ളിൽ തിങ്ങിക്കഴിയുകയാണ് ഞങ്ങൾ. അപകടത്തിൽപ്പെട്ട നിരവധിപേരെ രക്ഷപ്പെടുത്തി എത്തിച്ചിട്ടുണ്ട്. വളരെ ഗുരുതരമായി പരിക്കേറ്റവരുടെ മുറിവ് ക്ലീൻ ചെയ്യാൻ മാത്രമേ ഇപ്പോൾ ഞങ്ങളെക്കൊണ്ട് സാധിക്കൂ. അവരെ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചില്ലെങ്കിൽ കുറേ മരണങ്ങൾ കാണേണ്ടി വരും. '

'ഇന്നലെ മുതൽ ഈ നേരം വരെ വെള്ളമോ ഭക്ഷണമോ ഇല്ല. ഒരു കുടുംബത്തിലെ തന്നെ പത്തും പതിനൊന്നും പേരെയാണ് കാണാതായിരിക്കുന്നത്. രക്ഷപ്പെടുത്താൻ ആളുകൾ വരുമെന്ന് കേൾക്കുന്നുണ്ടെങ്കിലും ആരും ഇതുവരെ എത്തിയിട്ടില്ല. പലരും വിളിക്കുന്നുണ്ട്. മരണം മുന്നിൽ കണ്ടാണ് ഞങ്ങൾ നിൽക്കുന്നത്. ' - അസ്വാൻ പറഞ്ഞു.

Advertisement
Advertisement