നാടാകെ കൈകോർത്ത് രക്ഷാപ്രവർത്തനം
കൽപ്പറ്റ: ചൂരൽമല ദുരന്ത മേഖലയിൽ നാടൊന്നാകെ കൈകോർത്ത് രക്ഷാ പ്രവർത്തനം. ആയിരക്കണക്കിനാളുകളാണ് സർക്കാർ സംവിധാനത്തിനൊപ്പം രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ജെ.സി.ബികൾ, മണ്ണ് നീക്കി യന്ത്രങ്ങൾ, ആംബുലൻസുകൾ തുടങ്ങിയവ പാഞ്ഞെത്തി. ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ സംഘം എല്ലാ സജ്ജീകരണങ്ങളുമായി ചൂരൽമലയിൽ നിലയുറപ്പിച്ചു. ചൂരൽമലയിൽ താലൂക്കുതല ഐ.ആർ.എസ് കൺട്രോൾ റൂം തുറന്നു.
സമീപ ജില്ലകളിൽ നിന്ന് അഗ്നി ശമനസേന വന്നു. കണ്ണൂർ പ്രതിരോധ സുരക്ഷാ സേനയിൽ നിന്ന് ആറ് ഓഫീസർമാരുടെ നേതൃത്വത്തിൽ 67 സേനാംഗങ്ങൾ എത്തി. ഉപകരണങ്ങൾ അടങ്ങിയ രണ്ട് ട്രക്കും ആംബുലൻസും സംഘം കൊണ്ടുവന്നു.
ബംഗളൂരുവിൽ നിന്ന് കരസേനയുടെ മദ്രാസ് എൻജിനീയറിംഗ് വിഭാഗം എത്തി. എൻ.ഡി.ആർ.എഫ് സംഘവും ലോക്കൽ എമർജൻസി റെസ്പോൺസ് ടീമും പങ്കുചേർന്നു.
മുണ്ടക്കൈ , അട്ടമല ഭാഗങ്ങളിൽ കുടുങ്ങിയവരെ വടവും ഡിങ്കി ബോട്ട്സും ഉപയോഗിച്ചാണ് പുറത്തേക്ക് കൊണ്ടുവന്നത്.
പൊലീസ്, ഫയർഫോഴ്സ്, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരും രക്ഷാ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചു.
ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രിയും രാഹുലും പ്രിയങ്കയും
മുണ്ടക്കൈ ഉരുൾപൊട്ടൽ പ്രദേശവും ദുരന്തബാധിതരെയും സന്ദർശിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിലെത്തും.മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസക്യാമ്പ് മുഖ്യമന്ത്രി സന്ദർശിക്കും. കാലാവസ്ഥ അനുകൂലമാണെങ്കിൽ ചുരൽമലയിലെ വെള്ളാർമല സ്കൂളിന് സമീപത്തെ ദുരന്ത പ്രദേശം സന്ദർശിക്കും. രാഹുൽഗാന്ധി , പ്രിയങ്കാ ഗാന്ധി, കെ.സിവേണുഗോപാൽ എം.പി എന്നിവരും ഇന്ന് ദുരന്ത ഭൂമിയിലെത്തും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാവിലെ 10ന് ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കും.