വയനാട് ദുരന്തം; ചാലിയാർ പുഴയിൽ മൂന്ന് മൃതദേഹങ്ങൾ കൂടി ഒഴുകിയെത്തി
വയനാട്: മേപ്പാടി മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ മൂന്നുപേരുടെ കൂടി മൃതദേഹം ചാലിയാർ പുഴയിൽ നിന്നും കണ്ടെടുത്തു. പോത്തുകല്ല് അങ്ങാടിക്ക് സമീപം പഴയ തോണിക്കടവിനടുത്താണ് മുതദേഹങ്ങൾ കണ്ടത്. പോത്തുകല്ലില്‍ നിന്ന് ഇതുവരെ 60 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവിടെയും ഇന്നും തെരച്ചിൽ നടത്തുന്നുണ്ട്.
ഉരുൾപൊട്ടലിൽ ഉണ്ടായ സ്ഥലത്ത് നിന്നും കിലോമീറ്ററുകൾ അകലെ നിന്നാണ് ശരീരഭാഗങ്ങൾ നഷ്‌ടപ്പെട്ട നിലയിൽ ഇന്നും ഇന്നലെയും മൃതദേഹങ്ങൾ ലഭിച്ചത്. ഇരുട്ടുകുത്തി, പോത്തുകൽ, പനങ്കയം, ഭൂതാനം തുടങ്ങിയ ഭാഗങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കനത്ത മഴയെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി ചാലിയാർ പുഴ നിറഞ്ഞ് ഒഴുകുകയാണ്. ചേതനയറ്റ മനുഷ്യശരീരം മാത്രമല്ല, വീടിന്റെ അവശിഷ്‌ടങ്ങളും ഗ്യാസ് സിലിണ്ടറുകളും പാത്രങ്ങളുമെല്ലാം ഒഴുകിയെത്തുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
അതേസമയം, ഉരുൾപൊട്ടലിൽ രണ്ടാം ദിവസവും രക്ഷാദൗത്യം പുരോഗമിക്കുകയാണ്. നാല് സംഘങ്ങളായി 150 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലെത്തി. അത്യാവശ്യമായി കുടിവെള്ളം എത്തിക്കണമെന്ന് രക്ഷാപ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്. കാലാവസഥ അനുകൂലമായാൽ വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തിച്ചും രക്ഷാപ്രവർത്തനം നടത്തും. ദുരന്തത്തിൽ ഇതുവരെ 151പേരുടെ മരണം സ്ഥിരീകരിച്ചു. 91പേരെ കണ്ടെത്താനായിട്ടില്ല. ഇതുവരെ 143 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. 48 പേരെ തിരിച്ചറിഞ്ഞു. 191 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 31 മൃതദേഹങ്ങൾ നിലമ്പൂരിലാണ് പോസ്റ്ര്‌മോർട്ടം നടത്തിയത്.