മുണ്ടക്കെെയിൽ 85 അടി നീളമുള്ള താത്കാലിക പാലം; നിർമാണത്തിന് ആവശ്യമായ സാധനങ്ങളുമായി 11 മണിക്ക് പ്രത്യേക വിമാനമെത്തും
വയനാട്: മേപ്പാടി മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ബെയിലി പാലത്തിന്റെ നിർമാണം ഉച്ചയ്ക്ക് തുടങ്ങും. പാലത്തിന്റെ നിർമാണത്തിന് ആവശ്യമായ ഭാഗങ്ങൾ കരമാർഗവും ഹെലികോപ്റ്ററിലും എത്തിക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു.
85 അടി നീളമുള്ള പാലമാണ് നിർമിക്കുക. ഇതിലൂടെ ചെറിയ മണ്ണുമാന്തി ഉൾപ്പെടെ പോകാനാവും. മഴ മാറി നിൽക്കുന്നത് ആശ്വാസം നൽകുന്നുണ്ടെന്നും പുഴയിലെ ഒഴുക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. പാലം നിർമിക്കുന്നതിന് വേണ്ടിയുള്ള സാധനങ്ങളുമായി 11 മണിയോടെ പ്രത്യേക വിമാനം കണ്ണൂർ വിമാനത്താവളത്തിൽ എത്തും.
എട്ട് ലോറികൾ അവിടെ സജ്ജമാക്കിയിട്ടുണ്ട്. പിന്നീട് റോഡ് മാർഗം വയനാട്ടിൽ എത്തിക്കും. ബെയിലി പാലം നിർമാണം രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് മന്ത്രി അറിയിച്ചു. സൈന്യത്തിന്റെ മൂന്ന് കെടാവർ ഡോഗുകളും ഒപ്പമെത്തും.
മുണ്ടക്കെെ പാലം ഉരുൾപൊട്ടലിൽ ഒലിച്ചുപോയത് ഇന്നലെ രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയിരുന്നു. ഉരുൾപൊട്ടലുണ്ടായി ഏകദേശം 13 മണിക്കൂറുകൾക്ക് ശേഷമാണ് മുണ്ടക്കെെയിലേക്ക് രക്ഷാപ്രവർത്തകർക്ക് കടക്കാനായത്. സെെന്യമെത്തി താൽക്കാലികമായി ചെറിയ പാലം നിർമിച്ചെങ്കിലും പുഴയുടെ പകുതി വരെ മാത്രമായിരുന്നു നീളം. ബലമുള്ള പാലം നിർമിച്ചാൽ രക്ഷാപ്രവർത്തനം കുറച്ചുകൂടി സുഗമമാകും. മുണ്ടക്കെെ ഭാഗത്ത് അൻപതിലധികം വീടുകൾ തകർന്നിട്ടുണ്ട്.
ഉരുൾപൊട്ടൽ കണ്ട് ഓടിരക്ഷപ്പെട്ട് മുണ്ടക്കെെയിലെ റിസോർട്ടിലും മദ്രസയിലും ഇൻസ്പെക്ഷൻ ബംഗ്ലാവിലും കുന്നിൻമുകളിലും എത്തിയ നൂറുകണക്കിനാളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഉയർന്ന പ്രദേശങ്ങളിൽ കയറിനിൽക്കുന്നവരെ പൂർണമായും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ കഴിഞ്ഞിട്ടില്ല. മലവെള്ളത്തിൽ വന്നടിഞ്ഞ വൻമരങ്ങൾക്കിടയിലും ആളുകളുണ്ടെന്ന് സംശയമുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം വേഗത്തിലാക്കാനുള്ള നടപടികളുമായി അധികൃതർ രംഗത്തുണ്ട്. മുണ്ടക്കെെ കേന്ദ്രീകരിച്ചാകും രണ്ടാം ദിനവും രക്ഷാപ്രവർത്തനം നടത്തുക. നാല് സംഘങ്ങളായി 150 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലെത്തി.