"എഫ്‌ബിയിൽ ബഹളം വച്ചിട്ട് കാര്യമില്ല; കളക്ടറാണെന്ന് വച്ച് വെറുതെ അങ്ങ് അവധി പ്രഖ്യാപിക്കാനൊന്നും പറ്റില്ല കേട്ടോ"

Wednesday 31 July 2024 12:53 PM IST

മഴക്കാലമാകുമ്പോഴേക്ക് ഓരോ ജില്ലയിലെയും കളക്ടർമാരുടെ ഫേസ്ബുക്ക് പേജുകളിൽ ലീവ് ചോദിച്ചുകൊണ്ട് നിരവധി വിദ്യാർത്ഥികൾ കമന്റ് ചെയ്യാറുണ്ട്. മഴയത്ത് ഫുട്ബോൾ കളിക്കണമെന്നും, വെള്ളക്കെട്ട് മൂലം സ്കൂളിലേക്ക് പോകാൻ കഴിയുന്നില്ലെന്നൊക്കെയുള്ള കമന്റുകളാണ് കുട്ടികളിൽ നിന്ന് വരാറ്.

അവധിയുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നേശ്വരി ഇന്നലെ ഫേസ്‌ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡ‌ിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നാളെ അവധിയായിരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. അവധി വേണമെന്ന് പറഞ്ഞ് ഫേസ്‌ബുക്കിൽ ബഹളം വച്ചിട്ട് കാര്യമില്ലെന്നും, കളക്ടർ ആണെന്ന് കരുതി വെറുതെ അവധി കൊടുക്കാനൊന്നും കഴിയില്ലെന്ന് പോസ്റ്റിൽ പറയുന്നു. ഒപ്പം അവധി നൽകാനുള്ള മാനദണ്ഡങ്ങളും വിവരിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കുട്ടികളേ ...മഴയും കാറ്റുമൊക്കെ കാരണം നാളെയും (31 ജൂലായ്) അവധിയാണ് കേട്ടോ...വീട്ടിലുള്ളവരെ ശല്യപ്പെടുത്താതെ സിലബസിലെ പുസ്തകങ്ങളോ, ലൈബ്രറി ബുക്കുകളോ വായിക്കാൻ ശ്രദ്ധിക്കണേ...വെറുതെ സമയം കളയരുത്. പിന്നെ മറ്റൊരു കാര്യം , കലക്ടറാണെന്ന് വച്ച് വെറുതെ അങ്ങ് അവധി പ്രഖ്യാപിക്കാനൊന്നും പറ്റില്ല കേട്ടോ......താലൂക്കുകളിൽ നിന്നും പോലീസിൽ നിന്നുമൊക്കെ റിപ്പോർട്ടുകൾ കിട്ടണം. പിന്നെ imd report, rainfall measurement, history of past incidents , cumulative rainfall accrued so far, windspeed ഇതെല്ലാം കണക്കിലെടുത്ത് മാത്രമേ അവധി കൊടുക്കാനാകൂ....പറഞ്ഞുവന്നത് എഫ് ബിയിൽ ബഹളം വച്ചിട്ട് കാര്യമില്ലെന്നാണ്.....അപ്പൊ നേരത്തെ പറഞ്ഞത് മറക്കണ്ട....സമയം വെറുതെ കളയരുത്....