കേരളത്തിനും കര്‍ണാടകയ്ക്കും കോളടിക്കും; ഈ മീനുകള്‍ കൂട്ടത്തോടെയെത്തും, വിലയും കുറവ്

Wednesday 31 July 2024 6:39 PM IST
പ്രതീകാത്മക ചിത്രം | ഫയല്‍ ഫോട്ടോ

തിരുവനന്തപുരം: കേരള തീരത്ത് മത്തി ചാകരയെന്ന് പ്രവചനം. 52 ദിവസത്തെ ട്രോളിംഗ് നിരോധനത്തിന് ശേഷം യന്ത്ര ബോട്ടുകള്‍ ഇന്ന് അര്‍ദ്ധരാത്രിക്ക് ശേഷം കടലിലേക്ക് പോകും. ജൂണ്‍ ഒമ്പതിനാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം പ്രാബല്യത്തില്‍ വന്നത്, ഇത് ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും. പരമ്പരാഗത വള്ളങ്ങളില്‍ മാത്രമാണ് ഈ കാലയളവില്‍ മത്സ്യബന്ധനം അനുവദിച്ചിരുന്നത്. അതുകൊണ്ട് തന്നെ വിലയും കൂടി. ഇടയ്ക്ക് കാലാവസ്ഥ മോശമായപ്പോള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പും വന്നതോടെ മത്തി വില റെക്കോഡ് തൊട്ടിരുന്നു.

കിലോയ്ക്ക് 400 രൂപ വരെ നല്‍കിയാണ് ചില ദിവസങ്ങളില്‍ മലയാളി മത്തി മീന്‍ വാങ്ങിയത്.യന്ത്ര ബോട്ടുകള്‍ കടലില്‍ പോകുന്നതോടെ തീരത്തേക്ക് കൂടുതല്‍ മീനെത്തുകയും വില കുത്തനെ കുറയുമെന്നും ആണ് പ്രതീക്ഷിക്കപ്പെടുന്നത്. കേരള തീരത്ത് വലിയ രീതിയില്‍ മത്തിയുടെ സാന്നിദ്ധ്യമുണ്ടെന്നും ചാകര പ്രതീക്ഷിക്കാമെന്നുമാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അനുകൂല സാഹചര്യമായതിനാല്‍ കേരള തീരത്തേക്ക് ഇന്ത്യന്‍ നെയ് മത്തി കൂട്ടത്തോടെ എത്തുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

കഴിഞ്ഞ മാസം 400 കടന്ന മത്തിവില സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന തരത്തിലെത്തുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ മത്സ്യം ലഭിക്കുന്നതോടെ മത്സ്യത്തൊഴിലാളികളുടെ വരുമാനത്തിലും കുറവുണ്ടാകില്ലെന്നും കരുതുന്നു. അനുബന്ധമായി പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ക്കും ഇത് ഊര്‍ജമാകും. മത്തിക്ക് മാത്രമല്ല ചെമ്മീന്‍ കയറ്റുമതി പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ പൂവാലന്‍ ചെമ്മീന്‍ ഉള്‍പ്പെടെയുള്ള കയറ്റുമതി മത്സ്യങ്ങള്‍ക്കും വില കുറയുമെന്നും ഇപ്പോഴുള്ളതില്‍ കൂടുതല്‍ കിട്ടുമെന്നും സാധാരണക്കാര്‍ പ്രതീക്ഷിക്കുന്നു.

മത്തിയുടെ കാര്യത്തിലേക്ക് വന്നാല്‍ എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്റ് പൊല്യൂഷന്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ പറയുന്നത് മത്തി പോലുള്ള മീനുകള്‍ കേരള, കര്‍ണാടക തീരത്തേക്ക് ആയിരിക്കും കൂടുതല്‍ അടുക്കുകയെന്നാണ്. ഇതിന് നിരവധി കാരണങ്ങളും പഠനത്തില്‍ സൂചിപ്പിക്കുന്നു. സമുദ്ര ഉപരിതലത്തിലെ കുറഞ്ഞ താപനിലയാണ് പ്രധാന കാരണം. എല്‍നിനോ പ്രതിഭാസം മൂലം കടലിലെ മറ്റ് ഭാഗങ്ങള്‍ ചൂടുപിടിച്ചപ്പോള്‍ താരതമ്യേന ചൂടുകുറഞ്ഞ കേരള തീരത്തേക്ക് ഇവ കൂട്ടത്തോടെ എത്തുമെന്നാണ് കരുതുന്നത്.

Advertisement
Advertisement