ദുരന്തഭൂമിയിൽ അതിശക്തമായ മഴ, താത്കാലിക പാലം മുങ്ങി, രക്ഷാദൗത്യത്തിന് തടസം

Wednesday 31 July 2024 6:48 PM IST

കല്പറ്റ ശക്തമായ മഴ കാരണം വയനാട്ടിലെ ദുരന്തഭൂമിയിൽ രക്ഷാപ്രവ‌ർത്തനം ദുഷ്കരം. ചൂരൽമലയിൽ കണ്ണാടിപ്പുഴയിൽ അതിശക്തമായ മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലാണ് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായത്. ഉരുൾപൊട്ടിയതിന് സമാനമായ നിലയിലാണ് പുഴയിൽ മലവെള്ളം കുതിച്ചൊഴുകുന്നത്. സൈന്യം നിർമ്മിച്ച താത്കാലിക പാലം മുങ്ങി. സുരക്ഷ രക്ഷാപ്രവർത്തനം താത്കാലികമായി നിറുത്തി. രക്ഷാപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ സ്ഥലത്ത് നിന്ന് മാറ്റിയതായും റിപ്പോർട്ടുണ്ട്. സ്ഥലത്ത് സൈന്യം നിർമ്മിക്കുന്ന ബെയ്‌ലിപാലത്തിന്റെ നിർമ്മാണവും മുടങ്ങിയിട്ടുണ്ട്

ദുരന്തത്തിൽ ഇതുവരെ 222 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 225 പേരെ കാണാനില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. തെരച്ചിലിൽ കണ്ടെടുത്ത 10 മൃതദേഹങ്ങൾ മേപ്പാടി സി.എച്ച്.സിക്ക് സമീപമുള്ള മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ചു. 20 മൃതദേഹങ്ങൾ കൂടി അവിടെ എത്തിക്കും. ബന്ധുക്കളും നാട്ടുകാരും തിരിച്ചറിഞ്ഞ ശേഷം മൃതദേഹങ്ങൾ കൈമാറും. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട 90 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 11 പേർ ഐ.സിയുവിൽ തുടരുകയാണ്.

ദുരന്തം അവലോകനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിൽ, മുണ്ടക്കൈ പൂർണ്ണമായും തകർന്നെന്നാണ് വിലയിരുത്തൽ. മണ്ണിന് അടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തണമെങ്കിൽ കൂടുതൽ ഉപകരണങ്ങൾ എത്തിക്കണമെന്നും അവലോകന യോഗം വിലയിരുത്തി. ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണ്. തെരച്ചിലിന് അതീവ ദുഷ്കരമാക്കി ചളിമണ്ണും കൂറ്റന്‍ പാറക്കെട്ടുകളുമാണ് ദുരന്ത ബാധിത പ്രദേശത്ത് ഉള്ളത്. മണ്ണില്‍ കാലുറപ്പിക്കാന്‍ പോലുമാകാത്ത സ്ഥിതിയാണ് ഉള്ളത്. ഇതിനിടെയാണ് പ്രതികൂലമായ കാലവസ്ഥയും വിലങ്ങുതടിയാകുന്നത്.