കോഴിക്കോട് വിലങ്ങാട് വീണ്ടും ഉരുൾപൊട്ടി,​ ജില്ലാ കളക്ടറും സംഘവും കുടുങ്ങി

Wednesday 31 July 2024 8:20 PM IST

കോഴിക്കോട് : കോഴിക്കോട് നാദാപുരം വിലങ്ങാട് വീണ്ടും ഉരുൾപൊട്ടി. കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായ അടിച്ചിപ്പാറയിലാണ് വീണ്ടും ഉരുൾപൊട്ടിയത്. പ്രദേശത്ത് മഞ്ഞക്കുന്ന് പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ തുടരുകയാണ്. ആളപായം ഇല്ല. കോഴിക്കോട് കളക്ടർ സ്നേഹിൽ കുമാർ സിംഗും ഇ.കെ. വിജയൻ എം.എൽ.എയും ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിക്കുന്നതിനിടെയാണ് വീണ്ടും ഉരുൾപൊട്ടിയത്. കളക്ടറും സംഘവും അരമണിക്കൂറോളം സ്ഥലത്ത് കുടുങ്ങി. ഇവരെ റെസ്ക്യു സംഘം രക്ഷപ്പെടുത്തി.

വയനാട്ടിൽ ഉണ്ടായതിന് സമാനമായ ഉരുൾപൊട്ടലാണ് കഴിഞ്ഞ ദിവസം വിലങ്ങാട് ഉണ്ടായത്. ജനങ്ങൾ ജാഗ്രത പാലിച്ചതിനാൽ ആളപായം ഒഴിവാക്കാനായി. ഒമ്പത് തവണ ഉരുൾപൊട്ടിയെന്നാണ് വിവരം.13 വീടുകൾ പൂ‌ർണമായും വെള്ളം കയറി നിരവധി വീടുകൾ ഭാഗികമായും തകർന്നു. . കല്ലും മണ്ണും ഉൾപ്പെടെ ഒലിച്ചിറങ്ങി വൈകിട്ട് 5.45ഓടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ മാത്യു കളത്തിലിന് വേണ്ടിയുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനിടെ മാത്യു മലവെള്ള പാച്ചിലിൽ പെടുകയായിരുന്നു.