1000 രൂപ കൊടുത്ത് അക്കൗണ്ട് തുറക്കാം, ചുരുങ്ങിയ കാലംകൊണ്ട് ലക്ഷങ്ങൾ പോക്കറ്റിലെത്തും, പോസ്റ്റ്‌ഓഫീസിലെ മികച്ചൊരു പദ്ധതിയെക്കുറിച്ച് അറിയുമോ?

Wednesday 31 July 2024 9:31 PM IST

എല്ലുമുറിയെ പണിയെടുത്ത് സമ്പാദിച്ച സ്വത്ത് സുരക്ഷിതമായി നിക്ഷേപിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. ആകർഷകമായ പലിശ വാഗ്‌ദാനം ലഭിക്കുന്നിടത്ത് നമ്മൾ പണം നിക്ഷേപിക്കും. സ്ഥിരനിക്ഷേപം നിശ്ചിത കാലയളവ് കഴിയുമ്പോൾ നല്ലൊരു പലിശയോടെ ലഭിക്കുന്നത് നിരവധി പേർക്ക് അനുഗ്രഹമാണ്. കുറഞ്ഞ പ്രീമിയം തുക മുതൽ ലക്ഷങ്ങൾ വരെ നിക്ഷേപിച്ചാൽ ആകർഷകമായ പലിശയോടെ തൃപ്‌തികരമായൊരു തുക കൈയിൽ കിട്ടുന്ന നിരവധി പദ്ധതികൾ പോസ്റ്റ് ഓഫീസിലുണ്ട്.

തീർച്ചയായും നല്ല വരുമാനം തിരികെ തരുന്ന പോസ്‌റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (ടി.ഡി) എന്ന പദ്ധതി സാധാരണക്കാരന് മികച്ച വരുമാനം തിരികെ തരുന്ന ഒന്നാണ്. ഒന്നു മുതൽ അഞ്ച് വർഷം വരെ പണം സ്ഥിരനിക്ഷേപമായിടാം. പോസ്റ്റ് ഓഫീസ് പദ്ധതികൾ എപ്പോഴും സുരക്ഷിതമായ നിക്ഷേപവും സെക്ഷൻ 80 സി പ്രകാരം നികുതിയിളവും നൽകുന്നുണ്ട്.

അഞ്ച് ലക്ഷം രൂപ ഒരാൾ ഒരു വർഷത്തേക്ക് നിക്ഷേപിച്ചാൽ അതിന് 6.9 ശതമാനം പലിശയും രണ്ട് വർഷത്തേക്ക് ഏഴ് ശതമാനം പലിശയും മൂന്ന് വർ‌ഷത്തേക്ക് 7.1 ശതമാനം പലിശയും അഞ്ച് വർഷത്തേക്ക് 7.5 ശതമാനം പലിശയും ലഭിക്കും. അതായത് അഞ്ച് ലക്ഷം നിക്ഷേപിക്കുന്ന ഒരാൾക്ക് അഞ്ച് വർഷം കാലാവധി പൂർത്തിയാകുമ്പോൾ പലിശയായി 2,24,974 രൂപ ലഭിക്കും. ആകെ ലഭിക്കുക. 7,24,974 രൂപ.

ഒരൊറ്റ അക്കൗണ്ടായോ ജോയിന്റ് അക്കൗണ്ടായോ നിക്ഷേപം തുടങ്ങാവുന്നതാണ്. 10 വയസിൽ താഴെയുള്ള കുട്ടിയുടെ പേരിൽ ഏതെങ്കിലും കുടുംബാംഗത്തിന് ആരംഭിക്കാം. നൂറിന്റെ ഗുണിതങ്ങളായാണ് സാധാരണ നിക്ഷേപങ്ങൾ വേണ്ടത്. ഇതിന് പരമാവധി തുക ഇല്ല എന്നതും സവിശേഷതയാണ്. എത്ര അക്കൗണ്ട് വേണമെങ്കിലും ഇങ്ങനെ ആരംഭിക്കാം.