പണമിടപാട് പത്തിരട്ടിയായി ഉയര്‍ന്നു; സാധാരണക്കാരന് കടം കൂടുന്നത് വെറുതേയല്ല

Wednesday 31 July 2024 9:35 PM IST

ന്യൂഡല്‍ഹി: ഇന്ത്യയിലെ യുപിഐ പണമിടപാട് പത്തിരട്ടിയാളം ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് അഥവാ യുപിഐ ഇടപാടുകള്‍ 57 ശതമാനമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 2019-20 കാലഘട്ടത്തില്‍ 12.5 ബില്യണ്‍ ആയിരുന്നത് 2023-24 കാലഘട്ടത്തില്‍ 131 ബില്യണ്‍ ആയി ഉയര്‍ന്നിട്ടുണ്ട്. സ്മാര്‍ട്‌ഫോണ്‍ ആപ്പുകളായ ഗൂഗിള്‍ പേ, ഫോണ്‍പേ എന്നിവ വഴിയാണ് യുപിഐ പേമെന്റുകളുടെ 86 ശതമാനവും നടക്കുന്നത്. ബോസ്റ്റണ്‍ കണ്‍സല്‍ട്ടിംഗ് ഗ്രൂപ്പിന്റെ ബാങ്കിംഗ് സെക്ടര്‍ റൗണ്ടപ്പ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

കൊവിഡ് 19 മഹാമാരിക്ക് ശേഷമാണ് ഇന്ത്യയില്‍ യുപിഐ പേമെന്റുകള്‍ വര്‍ദ്ധിച്ചത്. തെരുവ് കച്ചവടക്കാര്‍ മുതല്‍ മാളുകള്‍ വരെ യുപിഐ വഴി പണം സ്വീകരിക്കുന്നുണ്ട്. ഇതോടെ പണം കയ്യില്‍ സൂക്ഷിക്കുന്നതിന് പകരം അക്കൗണ്ടില്‍ സൂക്ഷിക്കുകയും ഒപ്പം എല്ലായിടത്തും സ്‌കാന്‍ ആന്റ് പേ സംവിധാനം ലഭ്യമാകുകയും ചെയ്തതോടെ ചിലവഴിക്കല്‍ കൂടുകയും ചെയ്തു. എത്ര ചെറിയ തുകയാണെങ്കിലും പേമെന്റ് നടത്താം എന്ന സൗകര്യമുള്ളതാണ് ചിലവാക്കല്‍ വര്‍ദ്ധിക്കാന്‍ കാരണം.

ഇതിന്റെ ഫലമായി ആളുകള്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് വര്‍ഷം തോറും 43 ശതമാനമായി കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം ഇരട്ടിയിലധികമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. അക്കൗണ്ടിലെ പണം ഉപയോഗിക്കുന്നത് യുപിഐ പേമെന്റുകളില്‍ പണം കയ്യില്‍ സൂക്ഷിക്കുമ്പോഴുള്ളതിനേക്കാള്‍ കൂടുതലാണ് എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

അക്കൗണ്ടിലെ പണം കുറയുന്ന മുറയ്ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുന്നതും. ക്രെഡിറ്റ് കാര്‍ഡ് വഴി പണം എടുക്കുന്നതിന്റെ തോതും കൂടിയിട്ടുണ്ട്. അതുപോലെ തന്നെ ക്രെഡിറ്റ് കാര്‍ഡ് വഴി ലോണ്‍ എടുക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ചെറിയ ആവശ്യങ്ങള്‍ക്ക് പോലും യുപിഐ പേമെന്റുകളും ക്രെഡിറ്റ് കാര്‍ഡും ഉപയോഗിക്കുന്നത് മദ്ധ്യവര്‍ഗത്തെ വലിയ സാമ്പത്തിക ബാദ്ധ്യതയിലേക്കാണ് കൊണ്ടെത്തിക്കുന്നത്.

ബാങ്കുകളുടെ വായ്പാ വളര്‍ച്ചയില്‍ 15 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ നിക്ഷേപ വളര്‍ച്ച 13 ശതമാനമായി. ആദ്യമായി, എല്ലാ ബാങ്ക് ഗ്രൂപ്പുകളും ആസ്തികളില്‍ 1 ശതമാനത്തില്‍ കൂടുതല്‍ വരുമാനം നേടിയതോടെ, ബാങ്കിംഗ് മേഖലയുടെ മൊത്തം അറ്റാദായം 3 ലക്ഷം കോടി കവിഞ്ഞു. ഉയര്‍ന്ന വായ്പാ വളര്‍ച്ച, ഫീസ് വരുമാനത്തിലെ വളര്‍ച്ച, കുറഞ്ഞ വായ്പച്ചെലവ് എന്നിവയാണ് ബാങ്കിംഗ് മേഖലയുടെ ലാഭക്ഷമത ഉയരുന്നതിന് സഹായകരമായി.