ദുരന്തബാധിതർക്കായി നടി നിഖിലയും

Thursday 01 August 2024 1:16 AM IST

തളിപ്പറമ്പ്: വയനാട്ടിലെ ദുരന്തബാധിതർക്ക് വേണ്ടിയുള്ള സന്നദ്ധപ്രവർത്തനത്തിൽ സജീവ പങ്കാളിയായി നടി നിഖിലാ വിമലും. വയനാട്ടിലേക്ക് ഡി.വൈ.എഫ്.ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സാധനങ്ങൾ സമാഹരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നിഖില പ്രവർത്തകർക്കൊപ്പം രാത്രി വൈകും വരെ പങ്കുചേർന്നു.

വസ്ത്രങ്ങൾ,കിടക്ക വിരികൾ,നാപ്കിനുകൾ,മരുന്നുകൾ,ഭക്ഷണ സാധനങ്ങൾ,സോപ്പുകൾ തുടങ്ങിയവയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ശേഖരിച്ചത്. രാത്രി കൂവോട് വായനശാലയിൽ വച്ചാണ് സാധനങ്ങൾ തരംതിരിച്ച് പെട്ടികളിലാക്കിയത്. ഡി.വൈ.എഫ്.ഐ ശേഖരിച്ച സാധനങ്ങളുമായുള്ള ലോറി സിനിമതാരം സന്തോഷ് കീഴറ്റൂരാണ് ഫ്ളാഗ് ഓഫ് ചെയ്‌തത്. ഷിബിൻ കാനായി,സി.പി.മുഹാസ്,പ്രജീഷ് ബാബു, സി.കെ.ഷോന,വി.പ്രണവ്,ഐ.ശ്രീകുമാർ,കെ.പ്രണവ്,മനു സേവ്യർ എന്നിവർ നേതൃത്വം നൽകി. സി.പി.എം നേതാക്കളായ കെ.സന്തോഷ്, ടി.ബാലകൃഷ്ണൻ,വി.ജയൻ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു. സാധനങ്ങൾ കണ്ണൂർ കളക്ടറേറ്റിലേക്കാണ് കൈമാറിയത്.