വിനോദസഞ്ചാരികൾക്ക് കേന്ദ്രസേനയുടെ രക്ഷാകരം
മേപ്പാടി: മുണ്ടക്കൈ ട്രീവാലി റിസോർട്ടിൽ കുടുങ്ങിയ 19 പേരെ കേന്ദ്രസേന രക്ഷപ്പെടുത്തി. വയനാടൻ മഴക്കാഴ്ച ആസ്വദിക്കാൻ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി രണ്ടുദിവസം മുമ്പാണ് ഇവരെത്തിയത്.
മേപ്പാടിയിൽ നിന്ന് ചൂരൽമല പാലം വഴിയാണ് റിസോർട്ടിലേക്കുള്ള പാത. ഉരുൾപൊട്ടലിൽ പാലം തകർന്നതോടെ രണ്ട് ദിവസമായി റിസോർട്ടിൽ അവർ ഒറ്റപ്പെട്ടു. ഒടുവിൽ താത്കാലിക പാലത്തിലൂടെയാണ് കേന്ദ്രസേന അവരുടെ രക്ഷകരായെത്തിയത്. സുരക്ഷിതരായി ചൂരൽമല അങ്ങാടിയിലെത്തിയപ്പോൾ എല്ലാവർക്കും ജീവൻ തിരികെ കിട്ടിയെന്ന ആശ്വാസം.
അതേപോലെ അട്ടമലയിൽ പെട്ടുപോയതാണ് ഹാരിസൺ മലയാളം പ്ളാന്റേഷനിലെ മാനേജർ അജേഷ് വിശ്വനാഥും അസി.മാനേജർ സജിത്തും അവരുടെ കുടുംബവും, മറ്റൊരു അസി.മാനേജരായ യു.പി സ്വദേശി അലൻ ഇനേഷ് മണിയും അകപ്പെട്ടു. അവരെയും സൈന്യവും സന്നദ്ധ പ്രവർത്തകരും സുരക്ഷിതരായി തിരിച്ചെത്തിച്ചു. വൈകിട്ടോടെ ഈ പാലവും ഒലിച്ചുപോയതോടെ മറുകരയിലെ നിരവധി പേർ ആശങ്കയിലായി.
ദുരന്ത ഭൂമിയിൽ മുഖ്യമന്ത്രി ഇന്നെത്തും
വയനാട്ടിലെ ദുരന്തഭൂമിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നെത്തും. രാവിലെ 10.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിവിധ വകുപ്പ് തലവന്മാരുമായി ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തും. 11.30ന് സർവകക്ഷി യോഗത്തിലും പങ്കെടുക്കും. മന്ത്രിമാർക്ക് പുറമെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗോവ ഗവർണർ ശ്രീധരൻ പിള്ള, ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് തുടങ്ങിയവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കേന്ദ്രസേനകളുടെ പ്രവർത്തനം ഏകോപിപ്പിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യനും രണ്ടു ദിവസമായി സ്ഥലത്തുണ്ട്.