ലക്ഷ്യത്തിലേക്ക് സിന്ധു
ലക്ഷ്യ സെന്നും പി.വി സിന്ധുവും ഒളിമ്പിക്സ് പ്രീ ക്വാർട്ടറിൽ
പാരീസ് : ഒളിമ്പിക്സ് ബാഡ്മിന്റണിൽ മെഡൽ പ്രതീക്ഷ വാനോളമുയർത്തി വനിതാ സിംഗിൾസിൽ പി.വി സിന്ധുവും പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നും പ്രീക്വാർട്ടറിൽ എത്തി. ലോക റാങ്കിംഗിലെ നാലാം സ്ഥാനക്കാരനായ ഇന്തോനേഷ്യയുടെ ജോനാഥൻ ക്രിസ്റ്റിയെ നേരിട്ടുള്ള ഗെയിമുകളിൽ അട്ടിമറിച്ചാണ് 22-ാം റാങ്കുകാരനായ ലക്ഷ്യ പ്രീക്വാർട്ടർ ഉറപ്പിച്ചത്. റാങ്കിംഗിൽ തന്നെക്കാൾ ഏറെ പിന്നിലുള്ള എസ്റ്റോണിയയുടെ ക്രിസ്റ്റിൻ കൂബയെ വീഴ്‌ത്തിയാണ് സിന്ധു അവസാന പതിനാറിൽ ഇടം നേടിയത്.
പുരുഷ സിംഗിൾസ് ഗ്രൂപ്പ് എല്ലിലെ മത്സരത്തിൽ ക്രിസ്റ്റിക്കെതിരെ ആദ്യ റൗണ്ടിൽ കടുത്ത പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യ ജയിച്ചു കയറിയത്. ഇതിന് മുമ്പ് മുഖാമുഖം വന്ന അഞ്ച് മത്സരങ്ങളിൽ നാലിലും ക്രിസ്റ്റിയോട് തോറ്റതിന്റെ കണക്ക് തീർക്കുന്ന പോരാട്ടമാണ് ലക്ഷ്യ പാരീസിൽ കാഴ്ചവച്ചത്. നേരിട്ടുള്ള ഗെയിമുകളിൽ 21-18, 21-12നാണ് ജയമെങ്കിലും സ്കോർ ബോർഡ് സൂചിപ്പിക്കുന്ന അത്ര അനയാസമായിരുന്നില്ല ലക്ഷ്യയുടെ വിജയം. ടാക്റ്റിക്കൽ മികവിലാണ് ലക്ഷ്യ ക്രിസ്റ്റിയെ വീഴ്ത്തിയത്.
ആദ്യ ഗെയിമിൽ ക്രിസ്റ്റി 5-0ത്തിന് തുടക്കത്തിൽ ലീഡെടുത്തിരുന്നു. പിന്നീട് 8-2ൽ ലീഡ് തുടർന്നു. ഇതോടെ ക്രിസ്റ്റിയുടെ വീക്ക് പോയിന്റുകൾ മനസിലാക്കി ഗെയിം പ്ലാൻ മാറ്റിയ ലക്ഷ്യ തകർപ്പൻ തിരിച്ചുവരവ് നടത്തി 8-8നും പിന്നീട് 10-10നും ഒപ്പമെത്തി. ഒരു ഘട്ടത്തിൽ 14-12ന് ലക്ഷ്യ ലീഡെടുത്തു. അപകടം മനസിലാക്കി കളിയുടെ വേഗം കുറയ്ക്കാൻ ലോംഗ് റാലികൾ കളിച്ച ക്രിസ്റ്റി 16-16ന് ഒപ്പമെത്തി. 18-18 എന്ന നിലയിലും ഒപ്പം. എന്നാൽ അതിന് ശേഷം ക്രിസ്റ്റിയ്ക്ക് ഒരവസരവും നൽകാതെ ലക്ഷ്യ ഒന്നാം ഗെയിം സ്വന്തമാക്കുകയായിരുന്നു.
രണ്ടാം ഗെയിമിന്റെ തുടക്കത്തിലും ലക്ഷ്യ പിഴവുകൾ വരുത്തി. 3-3ന് ഇരുവരും ഒപ്പമായിരുന്നു. പിന്നീട് താളം കണ്ടെത്തിയ ലക്ഷ്യ ഏറെക്കുറെ അനായാസം ആ ഗെയിമും പ്രീക്വാർട്ടർ ബെർത്തും സ്വന്തമാക്കുകയായിരുന്നു. ഗ്രൂപ്പിൽ കളിച്ച് മൂന്ന് മത്സരങ്ങളും ലക്ഷ്യ ജയിച്ചിരുന്നു.എന്നാൽ ആദ്യ മത്സരത്തിൽ ഗ്വാട്ടിമാലയുടെ കെവിൻ ഗാർഡോണിനെതിരായ ജയം റദ്ദാക്കി. കെവിൻ പിന്നീട് പരിക്കിനെത്തുടർന്ന് പിൻമാറിയതിനാലാണ് ബാഡ്മിന്റൺ ഫെഡറേഷന്റെ നിയമം അനുസരിച്ച് ലക്ഷ്യയുടെ ജയം അസാധുവാക്കിയത്.
അനായാസം സിന്ധു
വനിതകളുടെ ഗ്രൂപ്പ് എമ്മിലെ മത്സരത്തിൽ ക്രിസ്റ്റിൻ കൂബയെ 21-5,21-10ന് അനായാസം വീഴ്ത്തിയാണ് സിന്ധുവിന്റെ കുതിപ്പ്. ആദ്യ മത്സരത്തിൽ മാൽദീവ്‌സിന്റെ ഫാത്തിമ അബ്ദുൽ റസാഖിനെയും 21-9,21-6ന് സിന്ധു ഈസിയായി വീഴ്ത്തിയിരുന്നു. പ്രീക്വാർട്ടറിൽ ചൈനയുടെ ഹീ ബിൻജിയാവോയാണ് സിന്ധുവിന്റെ എതിരാളി. 2016ൽ റിയോ ഡി ജനീറോയിൽ വെള്ളിയും 2020ൽ ടോക്യോയിൽ വെങ്കലവും നേടിയ സിന്ധു തുടർച്ചയായ മൂന്നാം ഒളിമ്പിക്സ് മെഡലാണ് ലക്ഷ്യം വയ്ക്കുന്നത്.