ദൗത്യസംഘത്തിനൊപ്പം ഡോഗ് സ്ക്വാഡുകളും; വയനാട്ടിലെ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിനായി സൈന്യം പുറപ്പെട്ടു

Thursday 01 August 2024 7:38 AM IST

കൽപ്പറ്റ: വയനാട്ടിലെ ദുരന്തഭൂമിയിൽ ഇന്നത്തെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതിനായി സൈന്യം പുറപ്പെട്ടിട്ടുണ്ട്. ദൗത്യസംഘത്തിനൊപ്പം ഡോഗ് സ്ക്വാഡുകളും ഉണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലും രക്ഷാപ്രവർത്തനം നടന്നിരുന്നു. ഉരുൾപൊട്ടലിൽ കാണാതായവർക്കായുളള അന്വേഷണം ഊർജിതമാക്കുമെന്നും സൈന്യം അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ 264ഓളം ജീവനുകളാണ് പൊലിഞ്ഞത്. ഇനിയും 240ഓളം പേരെ കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം.

കഴിഞ്ഞ ദിവസം മാത്രം 98 മൃതദേഹങ്ങളാണ് മുണ്ടക്കൈയിൽ നിന്നും ചാലിയാറിൽ നിന്നുമായി കണ്ടെത്തിയത്. 75 മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തനത്തിന് വെല്ലവിളിയായത് ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമാണ്. 1592 പേരെ ഇതുവരെ രക്ഷപ്പെടുത്തി.

അതേസമയം, ബെയ്‌ലി പാലത്തിന്റെ നിർമാണം ഇന്ന് ഉച്ചയോടെ പൂർത്തിയാകുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് മുൻപ് പാലത്തിന്റെ നിർമാണം പൂർത്തിയാകുമെന്നാണ് സൈന്യം കരുതുന്നത്. പാലത്തിന്റെ നിർമാണം പൂർത്തിയായൽ ജെസിബികൾ അടക്കമുളള വാഹനങ്ങൾ മറുകരയിലേക്ക് എത്തിച്ച് രക്ഷാപ്രവർത്തനം സുഗമമാക്കാൻ സാധിക്കും.

വയനാട്ടിൽ അതിതീവ്ര മഴയെ തുടർന്ന് വീണ്ടും ഉരുൾപൊട്ടാനുളള സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ദുരന്തത്തിൽ കുടുംബങ്ങൾ അപ്പാടെയാണ് തുടച്ചുമാറ്റപ്പെട്ടത്. പരിക്കേറ്റ 195 പേർ മേപ്പാടിയിലും പരിസരങ്ങളിലും ആശുപത്രികളിലുമുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. 117 പേരെ ചികിത്സയ്ക്ക് ശേഷം ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

കൂറ്റൻ പാറക്കല്ലുകൾ നിറഞ്ഞ,​ ചെളിക്കുണ്ടായ ദുരന്തഭൂമിയിൽ ഇന്നലെയും സൈന്യത്തിന്റെ നേതൃത്വത്തിൽ വിശ്രമമില്ലാതെ തെരച്ചിൽ തുടർന്നിരുന്നു. ഇടയ്ക്കിടയ്ക്ക് കോരിച്ചൊരിയുന്ന മഴയാണ് പ്രധാന തടസം. കര,​ വ്യോമസേന,​ എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, പൊലീസ്, അഗ്നിരക്ഷാസേന എന്നവർ സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. ഇവരെ സഹായിക്കാൻ ഒട്ടേറെ സന്നദ്ധപ്രവർത്തകരും വയനാട്ടിൽ എത്തിയിട്ടുണ്ട്.

തകർന്നുവീണ മേൽക്കൂരകൾ പൊട്ടിച്ചും ചെളിക്കുഴികളിൽ സാഹസികമായി ഇറങ്ങിയുമാണ് തെരച്ചിൽ.

മലമുകളിലെ പുഞ്ചിരിമുട്ടത്ത് നിന്ന് കുലംകുത്തിയൊഴുകിയ മലവെള്ളം പിച്ചിച്ചീന്തിയ മനുഷ്യരുടെ ശേഷിപ്പുകൾ നാല്പത് കിലോമീറ്ററിനപ്പുറം ചാലിയാർ പുഴയിൽ പൊങ്ങുകയായിരുന്നു. നിലമ്പൂരിൽ നിന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷമാണ് മൃതദേഹങ്ങൾ മേപ്പാടിയിലെത്തിച്ചത്.അട്ടമലയിൽ കുടുങ്ങിയവരെ ചൂരൽമലയിൽ സൈന്യം നിർമ്മിച്ച താത്കാലിക പാലം വഴിയും വടം കെട്ടിയുമാണ് പുറത്തെത്തിച്ചത്. ഇതിനകം ആയിരത്തി അഞ്ഞൂറോളം പേരെ സൈന്യം രക്ഷപ്പെടുത്തി.

Advertisement
Advertisement