ബിഗ് സല്യൂട്ട് ഇന്ത്യന്‍ ആര്‍മി, പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് ചൂരല്‍മലയില്‍ ബെയ്‌ലി പാലം സജ്ജം

Thursday 01 August 2024 6:35 PM IST
ചൂരല്‍മലയില്‍ നിര്‍മാണം പുരോഗമിക്കുന്നതിനിടെയുള്ള ബെയിലി പാലത്തിന്റെ ചിത്രം | ഫയല്‍ ഫോട്ടോ, കേരളകൗമുദി

വയനാട്: ചൂരല്‍മലയിലെ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍മിച്ച ബെയ്‌ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. കരസേന അംഗങ്ങളാണ് പ്രതികൂല സാഹചര്യം മറികടന്ന് പാലം സജ്ജമാക്കിയത്. ഉരുള്‍പ്പൊട്ടലില്‍ ഒറ്റപ്പെട്ടുപോയ ചൂരല്‍മലയിലേക്ക് ഇനി എളുപ്പത്തില്‍ എത്താന്‍ കഴിയുകയും ഇതിലൂടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകുകയും ചെയ്യും. ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 280 കവിഞ്ഞു.

ഇന്ന് നടത്തിയ തെരച്ചിലില്‍ മാത്രം 34 മൃതദേഹങ്ങള്‍ കണ്ടെടുത്തു. അപകടം നടന്ന മുണ്ടക്കൈയില്‍ നിന്ന് ഇനി ആരേയും ജീവനോടെ കണ്ടെത്താന്‍ ബാക്കിയില്ലെന്ന് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്ന സൈന്യം സംസ്ഥാന സര്‍ക്കാരിനെ ഔദ്യോഗികമായി തന്നെ അറിയിച്ചു. പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. മൂന്നാം ദിവസവും തുടരുന്ന മഴ രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

240 പേരെക്കുറിച്ച് ഇനിയും ഒരു വിവരവും തെരച്ചില്‍ നടത്തുന്നവര്‍ക്ക് ലഭിച്ചിട്ടില്ല. മുണ്ടക്കൈയില്‍ തകര്‍ന്ന വീടുകളുടെ ഉള്ളിലും മണ്ണിന് അടിയിലുമായി ഇവര്‍ അകപ്പെട്ടിരിക്കാം എന്ന സംശയത്തില്‍ തെരച്ചില്‍ തുടരുകയാണ്. വലിയ യന്ത്രങ്ങള്‍ എത്തിച്ചാല്‍ മാത്രമേ പൂര്‍ണതോതില്‍ തെരച്ചില്‍ സാധ്യമാകൂ. പല സ്ഥലങ്ങളിലും ഇനിയും രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും ഉയരാന്‍ തന്നെയാണ് സാദ്ധ്യത.

മുണ്ടക്കൈയിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസത്തിന് നേരിട്ട് സഹായവുമായി ആരും വരരുതെന്നും അത് സ്വീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.വയനാട് ഉരുള്‍പൊട്ടലിനെ എംപി ഫണ്ട് മാര്‍ഗരേഖ പ്രകാരം അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തു നല്‍കിയതായി ശശി തരൂര്‍ എംപിയും പറഞ്ഞു.

എം പി ഫണ്ട് വിനിയോഗിക്കുന്നതിനുള്ള മാര്‍ഗരേഖയുടെ ഖണ്ഡിക 8.1 പ്രകാരം വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചാല്‍ എല്ലാ എം പി മാര്‍ക്കും അവരുടെ എം പി ഫണ്ടില്‍ നിന്നും ഒരു കോടി രൂപയുടെ വരെ പദ്ധതികള്‍ ദുരന്തബാധിത പ്രദേശത്ത് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നതിനായി ശുപാര്‍ശ ചെയ്യുവാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.