വയനാട് ദുരന്തം,​ നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചു

Thursday 01 August 2024 8:05 PM IST

ആലപ്പുഴ : ആഗസ്റ്റ് 10ന് നടത്താനിരുന്ന 70ാമത് നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു. കേരളത്തെ സങ്കടക്കടലാക്കിയ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വള്ളംകളി മാറ്റി വച്ചത്. ആലപ്പുഴ പുന്നമടക്കായലിലാണ് നെഹ്റു ട്രോഫി വള്ളംകളി നടത്തിവരുന്നത്. സെപ്തംബറിൽ വള്ളംകളി നടത്താനാണ് സംഘാടകർ ആലോചിക്കുന്നത്.

ജലമേള മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വിവിധ വ്യക്തികളും സംഘടനകളും ജില്ലാ കളക്ടർക്കടക്കം നിവേദനം സമർപ്പിച്ചിരുന്നു. ജില്ലാ കളക്ടർ ഇന്നലെയും പവലിയനിലും പരിസരങ്ങളിലും നേരിട്ടെത്തി ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. ജലമേള മാറ്റിവയ്ക്കാൻ തീരുമാനിക്കുകയാണെങ്കിൽ അത് എത്രയും വേഗമാകുന്നതാണ് ക്ലബുകളുടെ സാമ്പത്തിക നഷ്ടത്തിന്റെ ആക്കം കുറയ്ക്കാൻ നല്ലതെന്ന് അഭിപ്രായമുയർന്നിരുന്നു. ദിവസങ്ങൾ നീണ്ടുപോകും തോറും പ്രതിദിന ട്രയലിന്റെയും ക്യാമ്പിന്റെയുമടക്കം ചെലവേറും.

ഇതിനകം കോടികൾ ചെലവാക്കിയാണ് ഓരോ പ്രധാന ടീമുകളിലും കളത്തിലിറങ്ങിയിരിക്കുന്നത്. കളി മാറ്റിവച്ച്, ടീം താത്‌കാലികമായി പിരിച്ചുവിടേണ്ടി വന്നാൽ സാമ്പത്തിക നഷ്ടമുറപ്പാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുത്തിയിരിക്കുന്ന കായിക താരങ്ങളെ പുതിയ തീയതിക്ക് ലഭിക്കുന്നതടക്കമുള്ള പ്രതിസന്ധികളുമുണ്ട്