21 വർഷത്തെ സേവനം, ലിനി പുരസ്‌കാരം നിറവിൽ സി. ഗീത
കൊച്ചി: 'ലിനിയുടെ മരണ വാർത്ത അന്ന് കണ്ണ് നനയിച്ചിരുന്നു.. നഴ്‌സുമാരെപ്പോഴും സ്വജീവൻ മറന്ന് പ്രവർത്തിക്കുന്നവരാണ്’... 2023ലെ ആരോഗ്യ വകുപ്പിലെ മികച്ച നഴ്‌സിനുള്ള സംസ്ഥാനതല പുരസ്‌കാരം നേടിയ എറണാകുളം ജനറൽ ആശുപത്രിയിലെ സീനിയർ നഴ്‌സിംഗ് ഓഫീസറായ ഗീത സുരേഷ് ബാബു തന്റെ തൊഴിലിനെക്കുറിച്ച് പറയുമ്പോൾ വാചാലയാകും.
21 വർഷത്തെ സർവീസിനാണ് തൃശൂർ തിരൂർ സ്വദേശിയായ ഗീതയ്ക്ക് ലിനി പുരസ്‌കാരം. 2003ൽ എറണാകുളം ജനറൽ ആശുപത്രിയിൽ നഴ്‌സിംഗ് ഓഫീസറായി സർവീസ് തുടങ്ങിയ ഗീത 18 വർഷത്തിനു ശേഷം തലശേരി ജനറൽ ആശുപത്രിയിലേക്ക് സ്ഥലംമാറി പോയെങ്കിലും രണ്ടു വർഷം മുമ്പ് എറണാകുളത്ത് തിരിച്ചെത്തി. ഇപ്പോൾ എറണാകുളം ജനറൽ ആശുപത്രിയിലെ ഇൻഫെക്ഷൻ കൺട്രോൾ നഴ്‌സിംഗ് ഓഫീസറാണ്.
തൃശൂർ എലൈറ്റ് മിഷൻ ആശുപത്രിയിൽ പഠനം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് ഗീത സർക്കാർ സർവീസിൽ പ്രവേശിച്ചത്. മറ്റേണിറ്റി വാർഡ്, ലേബർ റൂം, മെഡിക്കൽ ഐ.സി.യു, ഓങ്കോളജി വിഭാഗം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ജോലി ചെയ്തത്.
ആശുപത്രിതല പുരസ്‌കാരങ്ങൾ ഗീതയ്ക്ക് ലഭിച്ചിട്ടുണ്ട്. കൊവിഡ് കാലത്തുൾപ്പെടെ ദിവസങ്ങളോളം ഊണുമുറക്കുവുമില്ലാതെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജോലിയിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്ത ഗീത മനസ് പതറിപ്പോയ ഘട്ടങ്ങളേറെ. ഓങ്കോളജി വിഭാഗത്തിലുൾപ്പെടെ ജോലി ചെയ്യുമ്പോൾ ഇനി രോഗമുക്തരാകില്ലെന്നുറപ്പാക്കിയവരുടെ മുന്നിൽ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്നിട്ടുണ്ടെന്നും ഗീത പറയുന്നു.
പാലാരിവട്ടം സ്വദേശിയായ കെട്ടിട നിർമ്മാണ കോൺട്രാക്ടർ സുരേഷ് ബാബുവാണ് ഭർത്താവ്. മൂത്ത മകൻ രോഹിത് ഡോക്ടറാണ്. രണ്ടാമത്തെ മകൻ രോഹൻ സി.എ വിദ്യാർത്ഥി.