ഒരുകാലത്ത് വന്‍ ഡിമാന്‍ഡില്‍ നടന്നിരുന്നത് കോടികളുടെ കച്ചവടം, ഇപ്പോള്‍ വിലയില്‍ 35 ശതമാനം വരെ ഇടിവ്

Thursday 01 August 2024 10:25 PM IST
പ്രതീകാത്മക ചിത്രം

കൊച്ചി: വജ്രക്കല്ലുകളുടെ വില കുത്തനെ ഇടിയുന്നു.കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 35 ശതമാനം വരെയാണ് വില കുറഞ്ഞത്. ഇനിയും വില കുറയാനാണ് സാദ്ധ്യതയെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ലാബുകളില്‍ വികസിപ്പിച്ചെടുക്കുന്ന വജ്രക്കല്ലുകള്‍ വ്യാപകമാകുകയും ലോകമാകെ ലഭിക്കാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് ഖനികളില്‍ നിന്ന് ശേഖരിക്കുന്ന വജ്രക്കല്ലിന് മാര്‍ക്കറ്റ് ഇടിഞ്ഞത്.

എട്ട് ലക്ഷം രൂപ മുതല്‍ 12 ലക്ഷം വരെ വിലയുണ്ടായിരുന്ന ഒരു കാരറ്റ് കല്ലിന് ഇപ്പോള്‍ ആറ് ലക്ഷം മുതല്‍ വിലയേ ലഭിക്കുന്നുള്ളൂ. ഖനനം ചെയ്‌തെടുക്കുന്ന കല്ലുകളുടെ മാര്‍ക്കറ്റ് ആഗോളതലത്തില്‍ കുറഞ്ഞിട്ടുണ്ട്. ഇത് ലാബുകളില്‍ വികസിപ്പിച്ചെടുക്കുന്ന കല്ലുകളുടെ വിപണിയേയും സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. സ്വര്‍ണവുമായി താരതമ്യം ചെയ്യുമ്പോള്‍ മറിച്ച് വില്‍പ്പന നടത്തിയാല്‍ വലിയ വില കിട്ടാത്തതും മാര്‍ക്കറ്റ് ഇടിയാനുള്ള കാരണമാണ്.

മുമ്പ് ആഫ്രിക്കയിലെ ഖനികളില്‍ നിന്നുള്ള വജ്രങ്ങളാണ് കൂടുതലായി മാര്‍ക്കറ്റ് കീഴടക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ റഷ്യ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വജ്രക്കല്ലുകളും മാര്‍ക്കറ്റില്‍ സുലഭമായത് അന്താരാഷ്ട്രതലത്തില്‍ വില കുറയുന്നതിന് കാരണമായി. അടുത്ത ഒരു വര്‍ഷം കൂടി പിന്നിടുമ്പോള്‍ വില പ്രതീക്ഷിക്കുന്നതിലും താഴേക്ക് പോകാനാണ് സാദ്ധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാബുകളില്‍ കല്ലുകള്‍ വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യ തുടങ്ങിയത് റഷ്യയില്‍ നിന്നാണ്.

സ്വാഭാവിക കല്ലുകളുടെ കട്ടിങ്ങും പോളിഷിങ്ങും വന്‍ വ്യവസായമാക്കിയ സൂറത്തിലും മാന്ദ്യകാലമായി. ചൈന ഇത്തരം കല്ലുകള്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതു കുറച്ചതാണു കാരണം. നേരത്തെ, ചൈന ഇറക്കുമതി ചെയ്തിരുന്നതിന്റെ 15% മാത്രമേ ഇപ്പോഴുള്ളു. അമേരിക്കയില്‍ കൂടുതലായും ലാബിലെ കല്ലുകളോടുള്ള ആഭിമുഖ്യം വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ വളരെ കുറച്ച് മാത്രമേ ലാബ് കല്ലുകളുടെ വില്‍പ്പന നടക്കുന്നുള്ളൂ.

Advertisement
Advertisement