ഐ.ടി കമ്പനികളെ പൂട്ടാൻ ജി.എസ്.ടി വകുപ്പ്

Friday 02 August 2024 12:39 AM IST

ഇൻഫോസിസിന് 32,000 കോടി രൂപയുടെ നികുതി നോട്ടീസ്

കൊച്ചി: വിദേശ ഓഫീസുകളുടെ പ്രവർത്തന ചെലവിന്റെ പേരിൽ വ്യാപകമായ നികുതി വെട്ടിപ്പ് നടത്തിയെന്ന സംശയത്തിൽ രാജ്യത്തെ മുൻനിര ഐ. ടി കമ്പനികൾക്കെതിരെ കേന്ദ്ര ചരക്ക് സേവന നികുതി(ജി.എസ്.ടി) വകുപ്പ് നടപടികൾക്ക് ഒരുങ്ങുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ ഐ. ടി കമ്പനിയായ ഇൻഫോസിസിന് കഴിഞ്ഞ ദിവസം ഡയറക്ടറേറ്റ് ജനറൽ ഒഫ് ജി.എസ്.ടി ഇന്റലിജൻസ് 32,000 കോടി രൂപയുടെ ഡിമാൻഡ് നോട്ടീസാണ് നൽകിയത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലെ കമ്പനിയുടെ മൊത്തം വരുമാനത്തിന് തുല്യമായ തുകയാണിത്. അതേസമയം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ എല്ലാ നിയമങ്ങളും പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ഇൻഫോസിസ് വ്യക്തമാക്കി. ജി.എസ്.ടി ഉൾപ്പെടെ എല്ലാ നികുതികളും യഥാസമയം അടച്ചിട്ടുണ്ടെന്നും സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ കമ്പനി പറയുന്നു.

കൂടുതൽ കമ്പനികൾക്ക് നോട്ടീസ്

ഇൻഫോസിസിൽ മാത്രം ഒതുങ്ങുന്ന നികുതി പ്രശ്നമല്ലെന്ന് കേന്ദ്ര ധനമന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അതിനാൽ മറ്റ് പ്രമുഖ കമ്പനികൾക്കും വരും ദിവസങ്ങളിൽ നോട്ടീസ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശ രാജ്യങ്ങളിൽ ഓഫീസ് തുറന്ന് അവിടുത്ത ഉപഭോക്താക്കൾക്ക് ഐ.ടി സേവനങ്ങൾ നൽകുന്നതിന്റെ പേരിൽ ജി.എസ്.ടി നികുതി അടക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് ആരോപണം. വിദേശത്ത് ഓഫീസുകളുള്ള മറ്റു മേഖലകളിലെ കമ്പനികൾക്കും പുതിയ നീക്കം വെല്ലുവിളി സൃഷ്‌ടിക്കും.

വ്യക്തത തേടി നാസ്‌കോം

ഇൻഫോസിസ് ഉൾപ്പെടെയുള്ള ഐ.ടി കമ്പനികൾക്ക് നോട്ടീസ് അയച്ച നടപടിയിൽ വ്യക്‌തത വരുത്തണമെന്ന് ഐ.ടി കമ്പനികളുടെ ദേശീയ സംഘടനയായ നാസ്‌കോം കേന്ദ്ര ധനമന്ത്രാലയത്താേട് ആവശ്യപ്പെട്ടു. പുതുതായി ഉയർന്ന് വന്ന പ്രശ്നമല്ലിത്. മുൻപും സമാന നീക്കങ്ങൾ നികുതി വകുപ്പ് നടത്തിയപ്പോൾ ഐ.ടി കമ്പനികൾ വിവിധ കോടതികളെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു.

Advertisement
Advertisement