തേങ്ങുന്നു.. ഇപ്പോഴാ കവിഹൃദയം ചൂരൽമലയെക്കുറിച്ച് കവിത,​ എഴുതിയത് 1985ൽ പ്രസിദ്ധീകരിച്ചത് കേരളകൗമുദി വാരാന്ത്യത്തിൽ

Friday 02 August 2024 1:07 AM IST

കൽപ്പറ്റ: മുപ്പത്തൊമ്പത് വർഷങ്ങൾക്കു മുമ്പ് ഡോ.ആർ.ഗോപിനാഥൻ 'ചൂരൽമല' എന്ന കവിത എഴുതിയത് ആ പ്രദേശത്തിന്റെ സൗന്ദര്യം ആതുപോലെ ആവാഹിച്ചാണ്. പ്രകൃതിയുടെ താണ്ഡവത്തിൽ ഇന്ന് ആ പ്രദേശം തോരാകണ്ണീർ പൊഴിക്കുമ്പോൾ കവിയുടെ മനസിലും തീവ്രവേദന പടരുന്നു.

1985ലാണ് ഗോപിനാഥൻ ആ കവിത എഴുതിയത്. തിരുവനന്തപുരത്തു നിന്ന് കൽപ്പറ്റ ഗവ.കോളേജിൽ മലയാളം ലക്ചററായി എത്തിയപ്പോൾ വയനാടൻ ജീവിത പരിസരങ്ങൾ അന്വേഷിച്ച് നടന്ന യാത്രകൾക്കിടയിലാണ് ചൂരൽമലയിലെത്തിയത്. മനസിൽ മൊട്ടിട്ട കവിത അക്ഷരങ്ങളിലാവാഹിച്ച് കേരളകൗമുദിയുടെ വാരാന്ത്യപ്പതിപ്പിന് അയച്ചു കൊടുത്തു. 1985 നവംബറിലെ ഞായറാഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ചു. 1986ഏപ്രിലിൽ ചൂരൽമലയെ സംരക്ഷിക്കണമെന്ന് ആഹ്വാനംചെയ്ത് ലേഖനവും എഴുതിയിരുന്നു. ഇവയിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

ചൂരൽമല ഭൂപ്രകൃതിയുടെ സംരക്ഷണ പ്രാധാന്യം കവിതയിലൂടെയും പഠനങ്ങളിലൂടെയും ആദ്യം പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത് ഗോപിനാഥനായിരുന്നു. മൂന്നുമാസം മുമ്പ് കൽപ്പറ്റ കോളേജിലെ തന്റെ ശിഷ്യർ ഒരുക്കിയ പൂർവവിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കാൻ 75 വയസു കഴിഞ്ഞ ഗോപിനാഥ് കൽപ്പറ്റയിലെത്തിയിരുന്നു. ദുരന്തത്തിൽ പ്രിയശിഷ്യരും ഉറ്റ സുഹൃത്തുക്കളുമടക്കം നഷ്ടപ്പെട്ട സങ്കടത്തിലാണ് അദ്ദേഹം.

കൗമുദി വാരികയിലൂടെയാണ് ഗോപിനാഥൻ കലാസാഹിത്യ പഠന രംഗത്ത് ശ്രദ്ധേയനായത്. കോളേജ് അദ്ധ്യാപകനായതോടെ മുഴുവൻ സമയ ഗവേഷകനായി നിരവധി പഠനങ്ങളും നടത്തി.
തിരുവനന്തപുരം വട്ടിയൂർകാവ് ശ്രീരാഘവത്തിലാണ് താമസം.

 ചൂരൽമല

(കവിതയുടെ തുടക്കം)​

പറയൂ,വസുന്ധരേ,

കുളിനീർ ചിതറുന്ന
തടിനികൾ നിറയുമെൻ കാനനത്തിൽ
ഉരുളൻചരലുകൾ കണ്ണാടി നോക്കുമീ
വനകന്യാസ്നാന നീർച്ചാലിൽ
തളരാത്ത കണ്ണുമായി
വയനാടൻ മണ്ണിൽ നിന്നൊരു മണിത്തൂമുത്തു തേടി
പറയൂ, വസുന്ധരേ വെറുതെയോ ഞാനെന്റെ

ചിറകുകൾ രണ്ടും തുഴഞ്ഞു...

Advertisement
Advertisement