ഡ്രോണും തെർമൽ സ്കാനിംഗും
മേപ്പാടി: കണാതായ നൂറുകണക്കിന് പേർ മണ്ണിനടിയിലുണ്ടെന്ന നിഗമനത്തിൽ രക്ഷാ പ്രവർത്തനത്തിന് ഇന്നുമുതൽ ഡ്രോണിന്റെയും മറ്റ് സാങ്കേതികവിദ്യകളുടെയും സഹായം തേടും. തെർമൽ സ്കാനിംഗും നടത്തും. റിട്ട.മേജർ ജനറൽ ഇന്ദ്രബാലൻ നേതൃത്വം നൽകുന്ന സംഘത്തിന്റെ സഹായത്തോടെയാണ് സാങ്കേതിക വിദ്യകൾ ഉപയോഗിക്കുക. ഷിരൂരിലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് അർജുന്റെ ലോറിയുടെ സ്ഥാനം കണ്ടെത്തിയത്.
രക്ഷാദൗത്യത്തിന്
1809 സേനാംഗങ്ങൾ
മേപ്പാടി: മുണ്ടക്കൈ,ചൂരൽമല രക്ഷാദൗത്യം ഊർജ്ജിതമാക്കാൻ കേന്ദ്ര-സംസ്ഥാന സേനാ വിഭാഗത്തിലെ 1809 പേർ. തമിഴ്നാട്,കർണാടക,ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിന് സജീവമാണ്. എൻ.ഡി.ആർ.എഫ്,സി.ആർ.പി.എഫ്,കര-വ്യോമ-നാവിക സേനകൾ,കോസ്റ്റ് ഗാർഡ്,പൊലീസ്,അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെയാണ് മൂന്ന് ദിവസങ്ങളിലായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. എൻ.ഡി.ആർ.എഫിന്റെ 90,മദ്രാസ് എൻജിനിയറിംഗ് ഗ്രൂപ്പ് (എം.ഇ.ജി) 120,പ്രതിരോധ സുരക്ഷാ സേന (ഡി.എസ്.സി) 180,നാവിക സേന 68,ഫയർഫോഴ്സ് 360,കേരള പൊലീസ് 866,തമിഴ്നാട് ഫയർഫോഴ്സ്,എസ്.ഡി.ആർ.എഫ് സേനകളിൽ നിന്നും 60,ഹൈ ആൾട്ടിട്ട്യൂഡ് ടീം 14,കോസ്റ്റ് ഗാർഡ് 11,ടെറിട്ടോറിയൽ ആർമി 40,ഡോഗ് സ്ക്വാഡിന്റെ സേവനവും രക്ഷാപ്രവർത്തിനുണ്ട്.