അദ്ധ്യാപകർ കവിളത്തടിച്ചത് ക്രിമിനൽ കുറ്റമല്ല: ഹൈക്കോടതി

Friday 02 August 2024 2:37 AM IST

കൊച്ചി: സ്‌കൂളിൽ അച്ചടക്കം പാലിക്കാൻ അദ്ധ്യാപകർ വിദ്യാർത്ഥികളുടെ കവിളത്തടിച്ചത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി. കുട്ടികൾക്ക് പരിക്കില്ലെന്നിരിക്കെ മർദ്ദനമായോ ഗുരുതര കുറ്റമായോ കാണാനാവില്ല.

കുട്ടികളുടെ പരാതിയിൽ പാവറട്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ അവസാനിപ്പിക്കാനും ജസ്റ്റിസ് എ. ബദറുദ്ദീൻ ഉത്തരവിട്ടു. ചിറ്റാറ്റുകര ശ്രീഗോകുലം പബ്ലിക് സ്‌കൂൾ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലുമാണ് ഹൈക്കോടതിയെ സമീപിച്ചത്.
സ്‌കൂൾ ഹോസ്റ്റലിൽ താമസിക്കുന്ന 21 കുട്ടികൾക്ക് വൈകിട്ട് ആറ് മുതൽ രാത്രി പത്തു വരെ സ്‌പെഷ്യൽ ക്ലാസ് ഉണ്ടായിരുന്നു. കഴിഞ്ഞവർഷം ജനുവരി 3 ന് ക്ലാസിന്റെ ഇടവേളയിൽ ഭക്ഷണം കഴിക്കുന്നതിനിടെ പാട്ടുപാടിയ അഞ്ച് കുട്ടികളെ ജനുവരി 10ന് രാവിലെ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് വിളിപ്പിക്കുകയും പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും കവിളത്തടിക്കുകയും ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിക്കുകയും ചെയ്‌തെന്നാണ് പരാതി.

അച്ചടക്കലംഘനത്തിന് കുട്ടികളുടെ കവിളിൽ അദ്ധ്യാപകർ ചെറുതായി അടിച്ചത് ഗുരുതര കുറ്റമായി കാണാനാവില്ലെന്ന് കോടതി വിലയിരുത്തി. കുട്ടികളുടെ നന്മയ്ക്കായി അദ്ധ്യാപകൻ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് നേരത്തേ മറ്റൊരു കേസിലും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സ്‌കൂളിൽ ചേർക്കുമ്പോൾ, കുട്ടികളുടെ വ്യക്തിത്വ വികാസത്തിന്റെയും അച്ചടക്കത്തിന്റെയും മറ്റും ഭാഗമായി ശിക്ഷിക്കാനുള്ള അനുമതി രക്ഷിതാക്കൾ പരോക്ഷമായി അദ്ധ്യാപകനു കൈമാറുന്നുണ്ടെന്നും നിരീക്ഷിച്ചിരുന്നു.

Advertisement
Advertisement