'പിഞ്ച് കുഞ്ഞുങ്ങളുമായി രാത്രി ചുരം കയറി, മുലപ്പാൽ ആവശ്യപ്പെട്ട് വിളിച്ചവർ ഇപ്പോൾ ഫോൺ പോലും എടുക്കുന്നില്ല'

Friday 02 August 2024 3:54 PM IST

വയനാട്: ഉരുൾപൊട്ടലുണ്ടായ വയനാടിനെ കൈപിടിച്ചുയർത്താനായി തന്നാൽ കഴിയുന്ന ചെറുതും വലുതുമായ സഹായങ്ങൾ ചെയ്യുകയാണ് കേരളത്തിനകത്തും പുറത്തുമുള്ള മനുഷ്യർ. സമൂഹമാദ്ധ്യമങ്ങൾ വഴി കുട്ടികളെ ദത്തെടുക്കാൻ സമ്മതമറിയിച്ചുകൊണ്ടും സാമ്പത്തിക സഹായവുമായും നിരവധിപേരാണ് രംഗത്തെത്തിയത്. ഇക്കൂട്ടത്തിൽ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ഇടുക്കി ഉപ്പുതുറ സ്വദേശി സജിൻ പാറേക്കരയുടെ സന്ദേശവും.

അച്ഛനെയും അമ്മയെയും നഷ്‌ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ആവശ്യമെങ്കിൽ വിളിക്കണം. എന്റെ ഭാര്യ റെഡിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. ഇത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ഒരു ഫോൺകോൾ സജിനെ തേടിയെത്തി. തുടർന്ന് ഭാര്യ ഭാവനയ്‌ക്കും കുഞ്ഞ് മക്കൾക്കുമൊപ്പം പിക്കപ്പ് വാനിൽ വയനാട്ടിലേക്ക് യാത്ര തിരിച്ചു. എന്നാൽ, രാത്രിയോടെ സ്ഥലത്തെത്തി ആ നമ്പറിലേക്ക് പലതവണ വിളിച്ചെങ്കിലും ഇവർ കോൾ എടുത്തില്ലെന്ന് സജിൻ കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു.

തുടർന്ന് വയനാട്ടിലെ ക്യാമ്പുകളിലേക്ക് പോയി അന്വേഷിച്ചു. അവിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലോളം അമ്മമാർ സുഖം പ്രാപിച്ചതിനാൽ അവർ തന്നെ കുട്ടികൾക്ക് മുലയൂട്ടാം എന്ന് പറഞ്ഞു. ക്യാമ്പിൽ കഴിയുന്നതിനാൽ, മുലപ്പാൽ സംഭരിച്ച് വയ്‌ക്കുക എന്നതും പ്രാവർത്തികമല്ല. പിന്നീട് വിംസ് ആശുപത്രിയിൽ ഒരു കുട്ടിയുണ്ട് എന്ന് ആരോഗ്യപ്രവർത്തകർ വഴി അറിയാൻ കഴിഞ്ഞു. ഈ കുഞ്ഞിന് മുലപ്പാൽ വേണമോ എന്ന് വൈകിട്ടോടെ അറിയാൻ കഴിയും. അതിനാൽ സജിനും കുടുംബവും ഇപ്പോഴും മേപ്പാടിയിൽ തന്നെയുണ്ട്. ഇത്രയും ദൂരം യാത്ര ചെയ്‌ത് വന്ന് എല്ലാ ക്യാമ്പും സന്ദർശിച്ചു. തങ്ങളാൽ കഴിയുന്ന സഹായം ചെയ്‌ത ശേഷമേ വയനാട്ടിൽ നിന്ന് തിരികെ നാട്ടിലേക്ക് മടങ്ങുകയുള്ളു എന്നാണ് സജിൻ പറയുന്നത്.

രാത്രിയിൽ പിഞ്ച് കുഞ്ഞുങ്ങളുമായാണ് സജിനും കുടുംബവും ചുരം കയറിയത്. അതിനാൽതന്നെ, കാലാവസ്ഥ മാറിയതിനെ തുടർന്ന് ഇളയ കുഞ്ഞിന് അലർജിയുണ്ടായെന്നും സജിൻ പറഞ്ഞു. സാഹചര്യം ബുദ്ധിമുട്ടിലാണെങ്കിലും ഒരു കുഞ്ഞിനെയെങ്കിലും സഹായിക്കാൻ കഴിയുമെങ്കിൽ അത് ചെയ്യുമെന്നും സജിൻ വ്യക്തമാക്കി.

Advertisement
Advertisement