റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്ത് രാത്രിയും പരിശോധന തുടരും ,​ ഫ്ലഡ് ലൈറ്റ് എത്തിച്ച് തെരച്ചിൽ

Friday 02 August 2024 7:08 PM IST

വയനാട്: ഉരുൾപൊട്ടൽ ദുരന്തം വിതച്ച മുണ്ടക്കൈ,​ ചൂരൽമല,​ പുഞ്ചിരിമട്ടം മേഖലയിൽ റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്ത് രാത്രിയും പരിശോധന തുടരും. ആദ്യം കിട്ടിയ സിഗ്നൽ മനുഷ്യ ശരീരത്തിൽ നിന്നാകാൻ സാദ്ധ്യതയില്ലെന്ന് വിദഗ്ദ്ധർ പറഞ്ഞെങ്കിലും പരിശോധന തുടരാനാണ് തീരുമാനം. തവളയോ പാമ്പോ പോലുള്ള ജീവികളുടേതാകാം ലഭിച്ച സിഗ്നല്ലെന്ന് നേരത്തെ അവർ പറഞ്ഞിരുന്നു. ശക്തമായ സിഗ്നൽ ലഭിച്ച സാഹചര്യത്തിലാണ് പരിശോധന തുടരാൻ തീരുമാനിച്ചത്.

മുണ്ടക്കൈ അങ്ങാടിയിൽ തെർമൽ ഇമേജ് റഡാർ (ഹ്യൂമൻ റെസ്ക്യു റഡാർ)​ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയിൽ നിന്ന് തുടർച്ചയായി ശ്വാസത്തിന്റെ സിഗ്നൽ ലഭിച്ചത്. മൂന്നു മീറ്റർ താഴ്ചയിൽ നിന്നാണ് സിഗ്നൽ ലഭിച്ചത്. ഉദ്യോഗസ്ഥർ മണ്ണുമാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല.

അതേസമയം ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 340 ആയി. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. കണ്ടെടുത്ത ശരീരഭാഗങ്ങളുടെ ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ചു. ഇനിയും 206 പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം. 56 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ജില്ലയിൽ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്. മേപ്പാടിയിൽ 10 ക്യാമ്പുകളിലായി 1729 പേരുണ്ട്.